മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് കേസ്; അഞ്ച് കെഎസ്യു പ്രവർത്തകർക്ക് ജാമ്യം

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, വി വി അക്ഷയ്, ബിതുല്‍ ബാലന്, സി എച്ച് മുബാസ്, അഹമ്മദ് യാസീന്‍ എന്നിവർക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. പ്രതികള്‍ മാരകായുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാൽ ആയുധം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും അത്തരമൊരു ആക്രമണശ്രമം അവിടെ നടന്നില്ലെന്നും പ്രതിഭാഗം വാദിക്കുകയും ചെയ്തു. കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാകണമെന്നും ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുതെന്നും കോടതി ഉത്തരവിലുണ്ട്. 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ആയുധം പ്രയോഗിച്ച് ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന ഗണ്‍മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
Source link



