test del 5 copy of del 3
മണ്ണിനടിയിൽ നിന്നു പുറത്തെടുത്തത് 200 ടൺ പ്ലാസ്റ്റിക് മാലിന്യം; ബയോ മൈനിങ് അന്തിമഘട്ടത്തിലേക്ക്

ചാലക്കുടി ∙ വർഷങ്ങളായി മണ്ണിനടിയിൽ മൂടിക്കിടന്ന 200 ടൺ പ്ലാസ്റ്റിക് മാലിന്യം പുറത്തെടുത്തു. ഇതിനായി നടത്തിയ ബയോ മൈനിങ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ലോക ബാങ്ക് സഹായത്തോടെ 2 കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം ദേശീയപാതയോടു ചേർന്നു നഗരസഭാ ക്രിമറ്റോറിയത്തിനു സമീപത്ത്, നഗരസഭയുടെ ഉടമസ്ഥതയിലുള്ള 40.72 സെന്റ് ഭൂമിയിലാണു ബയോ മൈനിങ് പുരോഗമിക്കുന്നത്. അരിച്ചെടുത്ത നല്ല മണ്ണും വേർതിരിക്കാനാവാത്ത 5% പ്ലാസ്റ്റിക് കലർന്ന മണ്ണും (അനർട്ട്) കല്ല്, കട്ട ഉൾപ്പെടെയുള്ളവയും കുഴിച്ച സ്ഥലത്തു തന്നെ തിരിച്ചിടും. മൈനിങ്ങിനു ശേഷമുള്ള മണ്ണ് ഉൾപ്പെടെയുള്ളവ സമീപത്തെ പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഇവ ലാബ് പരിശോധനയ്ക്കു ശേഷമാണു തിരിച്ചിടുക. നഗരസഭാധ്യക്ഷ ആലീസ് ഷിബുവിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതി ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്ത് പദ്ധതി പ്രവർത്തനം അവലോകനം ചെയ്തു. 30നകം പ്രവൃത്തികൾ പൂർത്തിയാക്കുമെന്നു കരാർ കമ്പനി ഉറപ്പ് നൽകി. മഴയ്ക്കു മുൻപു മണ്ണു തിരികെയിടുന്ന പ്രവർത്തനവും പൂർത്തിയാക്കണമെന്ന് നഗരസഭാധികൃതർ കമ്പനിക്കു നിർദേശം നൽകി.
Source link


