test del 1

‘മകൾ സുന്ദരിയല്ലെ,​ അവളെ അയച്ചാൽ കേസിൽ നിന്നും ഒഴിവാക്കാം’; കസ്റ്റഡിയിലുള്ള സ്ത്രീയോട് എഎസ്ഐ

മുംബയ്: പൊലീസ് കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം ഉന്നയിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ . മഹാരാഷ്ട്രയിലെ അകോലയിൽ അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് ജാദവിനെതിരെയാണ് നടപടി. കേസിൽ നിന്നും ഒഴിവാക്കാൻ മകളെ അയച്ചു തരണമെന്ന് ഇയാൾ സ്ത്രീയോട് ആവശ്യപ്പെട്ടതായാണ് പരാതി.

സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 80ലക്ഷം രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അകോല സൈബർ പൊലീസ് അറസ്റ്റ് ചെയ്ത 45കാരിയായ സ്ത്രീയാണ് പരാതിക്കാരി.

കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്ന് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ ഇവരെ താമസിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇവിടുത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേഷ് ജാദവ് സ്ത്രീയോട് മോശമായി പെരുമാറുകയായിരുന്നു. ലൈെംഗിക ബന്ധത്തിന് സ്ത്രീ വിസമ്മതിപ്പോൾ, മകളെ വിട്ട് തന്നാൽ കേസിൽ നിന്ന് ഒഴിവാക്കി 10,000 രൂപ നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു.

ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിൽ പ്രകോപിതയായ സ്ത്രീ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയെ വിവരം ധരിപ്പിച്ചു. വനിതാ ഓഫീസർ ഉടൻ മേലുദ്യോഗസ്ഥരെ കാര്യങ്ങൾ അറിയിച്ചു. പിന്നാലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി രാജേഷ് ജാദവിനെ ചോദ്യം ചെയ്യുകയായിരുന്നു.

മേലുദ്യോഗസ്ഥർ എഎസ്ഐയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ബിഎൻഎസ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. നിയമപാലകർക്കിടയിലെ അധികാര ദുർവിനിയോഗം ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും അകോല എസ്പി അർച്ചിത് ചന്ദക് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.


Source link

Back to top button