ബേപ്പൂർ കോട്ടയിൽ പ്രചാരണ പോർവിളി

കോഴിക്കോട്: നാലര പതിറ്റാണ്ടിലേറെയായി ഇടതു കോട്ടയാണ് ബേപ്പൂർ. പ്രചാരണച്ചൂടേറ്റ് ഇടതുകോട്ടയുടെ മനസ് മാറി മറിയുമോ എന്ന ചോദ്യത്തിന് വോട്ടർമാർ വിധിയെഴുതും. മണ്ഡലത്തിലെ അടിയൊഴുക്ക് നിർവചിക്കാൻ പ്രയാസമാണ്. മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസാണ് എൽ.ഡി.എഫിന്റെ പോരാളി. എതിരാളിയായി യു.ഡി.എഫിന്റെ പി.വി. അൻവർ എത്തിയതോടെയാണ് ബേപ്പൂർ പോര് ശ്രദ്ധേയമായത്. തൃണമൂൽ കോൺഗ്രസ് നേതാവും നിലമ്പൂർ മുൻ എം.എൽ.എയുമാണ് അൻവർ. ബി.ജെ.പിയുടെ കെ.പി. പ്രകാശ്ബാബുവാണ് എൻ.ഡി.എ സ്ഥാനാർത്ഥി.മന്ത്രിയായും എം.എൽ.എയായും മണ്ഡലത്തിൽ റിയാസൊരുക്കിയ വികസന പ്രവർത്തനം തങ്ങളുടെ ഭൂരിപക്ഷം കൂട്ടുമെന്ന ഉറപ്പാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ തവണ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ പി.എം. നിയാസിനെ റിയാസ് തോൽപ്പിച്ചത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ അൻവർ ബേപ്പൂരിൽ പ്രചാരണം തുടങ്ങിയിരുന്നു.
Source link


