ബന്ധുവിവാഹങ്ങൾ നിരോധിക്കാനുള്ള നിർദേശം തള്ളി ഫ്ലോറിഡ; പാശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കുന്ന സാമൂഹിക സമ്പ്രദായം

രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ എന്നതിനപ്പുറം സാംസ്കാരികവും സാമൂഹികവുമായ ധാരാളം ഘടകങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വിവാഹം എന്ന സങ്കൽപം. പലയിടങ്ങളിലും വ്യത്യസ്തരീതിയിലാണ് വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ നിലനിൽക്കുന്നത്. ഈ അടുത്ത് ഫ്ലോറിഡയിൽ ആദ്യത്തെ കസിനുകൾ തമ്മിലുള്ള വിവാഹം നിരോധിക്കുന്നതിനുള്ള ഒരു നിർദേശം പാർലമെന്റ് തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗമായ ഒരു ദീർഘമായ ബില്ലിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള നിയമം, സംസ്കാരം സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയിലൂന്നിയ ചർച്ചകൾ വ്യാപകമായി.പലയിടങ്ങളിലും രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ മറ്റ് ചിലയിടങ്ങളിൽ ഇത് നിയന്ത്രിക്കപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങൾ പൊതുവെ ബന്ധുവിവാഹങ്ങൾക്ക് പ്രോത്സാഹനം നൽകാറില്ല. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം വൈദ്യശാസ്ത്രപരമായ കാരണങ്ങളും ഇതിനുപിന്നിലുണ്ട്.ബന്ധുവിവാഹമെന്നാൽ ഒരേ പൂർവ്വികരിലൂടെ രക്തബന്ധം പങ്കിടുന്നവർ തമ്മിലുള്ള വിവാഹമാണ്. സാധാരാണയായി ഇത് ആദ്യത്തെ കസിൻസുകൾക്കിടയിലാണ് കാണപ്പെടുന്നത്. ഇന്ത്യയിൽ നടക്കുന്ന ഏകദേശം പത്ത് ശതമാനം വിവാഹങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. ദക്ഷിണേന്ത്യയിൽ ഈ രീതി കൂടുതൽ സാധാരണമാണ്. കേരളത്തിൽ മുറപ്പെണ്ണ്, മുറച്ചെറുക്കൻ എന്ന രീതീയിൽ ബന്ധുത്വത്തെ നിശ്ചയിച്ചിരുന്നത് ഇതിന്റെ ഭാഗമായിരുന്നു. ഇത്തരത്തിലുള്ളവ വിവാഹങ്ങളെ ചില സമൂഹങ്ങൾ പിന്തുണയ്ക്കുന്നത് അവരുടെ സാമൂഹിക ഘടനയുമായി ബന്ധപ്പെട്ടാണ്. പാരമ്പര്യമായി കിട്ടിയ സമ്പത്ത് മറ്റ് കുടുംബങ്ങളിലേക്ക് പോകാതിരിക്കാനായാണ് ചിലർ ബന്ധുവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ചരിത്രപരമായും ബന്ധുവിവാഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പുരാതന ഈജിപ്ത്, മെസപ്പെട്ടോമിയ, പെർഷ്യ തുടങ്ങിയ സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് രാജകുടുംബങ്ങളിൽ പിന്തുടർച്ച നിലനിർത്താനായാണ് ഈ രീതി സ്വീകരിച്ചിരുന്നത്. അതിനായി സഹോദരങ്ങൾ തമ്മിലുള്ള വിവാഹങ്ങൾപോലും അനുവദിച്ചിരുന്നതായി പറയപ്പെടുന്നു.
Source link


