CINEMA

‘പ്രസവമുറിയിലെ  നിശബ്‌ദതയിൽ  നിറഞ്ഞൊഴുകിയ കണ്ണീരിൽ നമ്മുടെ കഷ്‌ടപ്പാടുകളുടെ കഥയുണ്ടായിരുന്നു’

മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിന് സാക്ഷിയായതിന്റെ സന്തോഷം പങ്കുവച്ച് നടൻ അപ്പാനി ശരത്. ഭാര്യയ്‌ക്കൊപ്പം ലേബർ റൂമിൽ ചെലവഴിച്ച നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയും വൈകാരികമായൊരു കുറിപ്പും താരം പങ്കുവച്ചു. പ്രസവത്തിനായി ഭാര്യ രേഷ്‌മയെ ആശുപത്രിയിൽ അഡ്‌മിറ്റാക്കിയ നിമിഷം മുതൽ പരിചരിക്കാനായി ശരതും കൂടെയുണ്ടായിരുന്നു. പ്രസവവേദനയിൽ രേഷ്‌മ കരയുമ്പോൾ അയാളും കൂടെ കരഞ്ഞു, അവളുടെ കണ്ണുനീർ തുടച്ചു, അവൾക്ക് ആശ്വാസമേകി. കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ വികാരങ്ങൾ അടക്കാനാകാതെ അയാൾ നിയന്ത്രണം വിട്ടു കരഞ്ഞു.

മൂത്ത മകൾ തീയാമ്മയ്‌ക്കും രണ്ടാമത്തെ മകനായ അദ്വിക്കിനും കുഞ്ഞനുജനെ കാണിച്ചു കൊടുത്തു. തീയാമ്മയുടെ കണ്ണുകൾ കുഞ്ഞനുജനെ കണ്ട് നിറയുന്നതും വീഡിയോയിൽ കാണാം. പ്രസവിച്ചുകിടക്കുന്ന അമ്മയെ കാണുമ്പോഴും തീയാമ്മ കരയുന്നുണ്ട്. ശരത്തിന്റെയും രേഷ്‌മയുടെയും കുടുംബാംഗങ്ങളുടെയും വൈകാരികമായ നിമിഷങ്ങൾ വീഡിയോയിൽ കാണാം. പ്രസവമുറിയിലെ നിശബ്‌ദതയിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ, അതിൽ നമ്മൾ പിന്നിട്ട കഷ്‌ടപ്പാടുകളുടെയും കാത്തുസൂക്ഷിച്ച വിശ്വാസത്തിന്റെയും കഥകളുണ്ടായിരുന്നുവെന്ന് അപ്പാനി ശരത് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിലെഴുതി.

ശരത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം

‘ജീവിതയാത്രയിലെ ഓരോ കയറ്റിറക്കങ്ങളിലും നിഴലുപോലെ നീ കൂടെയുണ്ടായിരുന്നു. വെറുമൊരു ഭാര്യയായല്ല, എന്റെ കരുത്തായി, തളരുമ്പോൾ താങ്ങായി. നമ്മൾ നാലുപേരും ഏറെ പ്രാർത്ഥനകളോടെ കാത്തിരുന്ന ആ കൊച്ചു വിസ്‌മയം ഇന്ന് നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തിയിരിക്കുന്നു. അവൻ ജനിച്ച ആ നിമിഷത്തിന് സാക്ഷിയാകാൻ എനിക്ക് കഴിഞ്ഞു. പ്രസവമുറിയിലെ നിശബ്‌ദതയിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ, അതിൽ നമ്മൾ പിന്നിട്ട കഷ്‌ടപ്പാടുകളുടെയും കാത്തുസൂക്ഷിച്ച വിശ്വാസത്തിന്റെയും കഥകളുണ്ടായിരുന്നു. എത്ര വലിയ പ്രതിസന്ധികളിലും മുന്നോട്ട് നടക്കാൻ ഈ കുഞ്ഞുജീവൻ എനിക്ക് പുതിയ ധൈര്യം നൽകുന്നുണ്ട്. ഈ യാത്ര ഇത്ര സുന്ദരവും സുരക്ഷിതവുമാക്കിയ ഡോ. സോണിയയോടും സൺറൈസ് ഹോസ്‌പിറ്റൽ ടീമിനോടുമുള്ള നന്ദി വാക്കുകൾ കൊണ്ട് രേഖപ്പെടുത്താൻ ആവുന്നതല്ല. ഇന്ന് ഞാൻ മൂന്ന് മക്കളുടെ അച്ഛനാണ്. ഉത്തരവാദിത്തങ്ങൾ കൂടിയിരിക്കുന്നു. എങ്കിലും അവർക്കുവേണ്ടി ഒരു പാറപോലെ ഉറച്ച് നിൽക്കാൻ ദൈവം എനിക്ക് കരുത്ത് നൽകട്ടെ എന്നാണ് എന്റെ പ്രാർത്ഥന.’


Source link

Related Articles

Back to top button