‘പൈതലാം യേശുവേ..” ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു

തിരുവനന്തപുരം: മലയാളികൾ നെഞ്ചേറ്റിയ ഒരുപിടി ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് ഈണമൊരുക്കിയ ഫാദർ ജസ്റ്റിൻ പനയ്ക്കൽ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ സന്യാസ ഭവനത്തിലായിരുന്നു അന്ത്യം. കെ.എസ്. ചിത്ര ആലപിച്ച പൈതലാം യേശുവേ ആണ് ഫാ. ജസ്റ്റിൻ പനയ്ക്കൽ ഒരുക്കിയതിൽ ഏറ്റവും പ്രശസ്തമായ ഗാനം. മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന. സ്നേഹ സ്വരൂപാ തവദർശനം, ദൈവം നിരുപമ സ്നേഹം, എൻ ജീവിതമാം ഈ മരക്കൊമ്പിൽ, ദൈവം പിറക്കുന്നു, മാനസത്തിൻ മണിവാതിൽ, നവ്യമാമൊരു കൽപ്പന ഞാൻ, ജീവിതഗർത്തത്തിൽ അലയും, പുതിയൊരു പുലരി വിടർന്നു തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങൾക്ക് ഈണമിട്ടതും ഫാ.ഡോ.ജസ്റ്റിൻ പനയ്ക്കലാണ്. ജീവിതഗർത്തത്തിൽ അലയും എന്ന ഗാനത്തിന് വരികളെഴുതിയതും ജസ്റ്റിൻ പനയ്ക്കലാണ്. ഈണമിട്ട 29 പാട്ടുകളിൽ 25 എണ്ണവും യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. തരംഗിണിയുടെ ഹിറ്റുകളായ സ്നേഹസന്ദേശം, തളിർമാല്യം തുടങ്ങിയ ആൽബങ്ങളിലും പനയ്ക്കലച്ചന്റെ പാട്ടുകളുണ്ടായിരുന്നു.
Source link


