LATEST

പെട്രോളിന് 5.30, ഡീസലിന് 3 രൂപ; എണ്ണവില അപ്രതീക്ഷിതമായി വർദ്ധിപ്പിച്ച് നയാര, ഇന്ത്യക്കാർക്ക് തിരിച്ചടി


ന്യൂഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ ഡീസൽ വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി. പെട്രോളിന് ലി​റ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർദ്ധിപ്പിച്ചത്. ക്രൂഡോയിൽ ദൗർലഭ്യം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടിയത്. എന്നാൽ രാജ്യത്തെ മറ്റ് എണ്ണക്കമ്പനികൾ വില കൂട്ടിയിട്ടില്ല. നയാരയുടെ ചുവടുപിടിച്ച് അവരും വില വർദ്ധിപ്പിക്കുമോ എന്ന് വ്യക്തമല്ല.നയാര എനർജിയുടെ എണ്ണശുദ്ധീകരണ പ്ലാന്റ് 35 ദിവസത്തേക്ക് അടച്ചിടുകയാണെന്ന് റിപ്പോർട്ടുണ്ട്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏപ്രിൽ ആദ്യ ആഴ്ചമുതലാണ് അടച്ചിടുന്നത്. ഇതോടെ രാജ്യത്തെ ക്രൂഡോയിൽ ശുദ്ധീകരണശേഷിയിൽ എട്ടുശതമാനത്തോളം കുറവുണ്ടായേക്കും എന്നാണ് കണക്കാക്കുന്നത്. പ്രതിവർഷം 20 ദശലക്ഷം ടൺ ശുദ്ധീകരണശേഷിയുള്ള ഗുജറാത്തിലെ വാദിനാർ റിഫൈനറിയാണ് അടച്ചിടുന്നതെന്നാണ് റിപ്പോർട്ട്.രാജ്യത്തുള്ള 7,000 നയാര പമ്പുകൾക്കും പൊതുമേഖലാ കമ്പനികൾക്കുമാണ് ഇവിടെനിന്നും എണ്ണ നൽകുന്നത്. കഴിഞ്ഞവർഷമാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നത്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന് ഇത് മാറ്റിവച്ചിരുന്നു. അറ്റകുറ്റപ്പണികളിൽ ചില യൂറോപ്യൻ കമ്പനികളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. എന്നാൽ ഉപരോധം നിലനിൽക്കുന്നതിനാൽ കമ്പനികൾ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു. എന്നാലിപ്പോൾ റഷ്യയ്ക്കുമേലുള്ള ഉപരോധം അമേരിക്കയടക്കമുള്ള രാജ്യങ്ങൾ അവസാനിപ്പിച്ചതോടെയാണ് അറ്റകുറ്റപ്പണിക്കുളള അവസരം വന്നത്. നാലുവർഷം കൂടുമ്പോഴാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനായി ശുദ്ധീകരണശാല അടച്ചിട്ടാലും നയാര പമ്പുകൾക്കുൾപ്പെടെ ഇന്ധനപ്രതിസന്ധിയുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആവശ്യത്തിന് പെട്രോളിയം ഉല്പന്നങ്ങൾ ഇപ്പോൾത്തന്നെ സ്റ്റോക്കുചെയ്തിട്ടുണ്ട്.


Source link

Related Articles

Back to top button