പി.കെ. ശ്യാമളയുടെ ആസ്തി 1.25 കോടി

തളിപ്പറമ്പ്: തളിപ്പറമ്പിലെ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.കെ. ശ്യാമളയ്ക്കും (65) ഭർത്താവ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഒന്നേകാൽ കോടി രൂപയുടെ ആസ്തി. സ്ഥാനാർത്ഥിക്ക് 32,61,778 രൂപയുടെ ആസ്തിയാണുള്ളത്. പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ അഞ്ച് ലക്ഷത്തിന്റെ എഫ്.ഡി., മൊറാഴ കല്ല്യാശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 2.5 ലക്ഷം രൂപയുടെ രണ്ട് നിക്ഷേപം, തളിപ്പറമ്പ് സബ് ട്രഷറിയിൽ 38,910 രൂപ പെൻഷൻ സേവിംഗ്സ്, കൈവശം 8,000 രൂപ എന്നിവ ഉൾപ്പെടുന്നു. 2010ൽ 5 ലക്ഷം രൂപയ്ക്ക് വാങ്ങിയ മാരുതി സ്വിഫ്റ്റ് കാർ, 120 ഗ്രാം സ്വർണാഭരണം (16 ലക്ഷം രൂപ), മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം, എൽ.ഐ.സി. പോളിസി (14,808 രൂപ) എന്നിവയും പി.കെ. ശ്യാമളയ്ക്കുണ്ട്
എം.വി.ഗോവിന്ദന് 55,48,689 രൂപയുടെ ആസ്തിയുണ്ട്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സ് സബ് ട്രഷറിയിൽ ഒന്നിലേറെ ഫിക്സഡ് ഡിപ്പോസിറ്റുകളുൾപ്പടെ 41 ലക്ഷം രൂപ, മൊറാഴ കല്യാശ്ശേരി ബാങ്കിൽ 32 ലക്ഷം രൂപയുടെ എഫ്.ഡി, എസ്.ബി.ഐയുടെ കണ്ണൂർ സർവകലാശാല ക്യാമ്പസ് ബ്രാഞ്ചിൽ 1,17,974 രൂപ, കൈവശം 5,000 രൂപ, മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൽ 10,000 രൂപ നിക്ഷേപം എന്നിവ ഇതിൽ പെടുന്നു.
പി.കെ.ശ്യാമളയ്ക്ക് ചാവശ്ശേരി, കൊളാരി, കുറുമത്തൂർ വില്ലേജുകളിലായി ആകെ 4.641 ഏക്കർ കാർഷിക ഭൂമിയുണ്ട്. ഇവയുടെ ഏകദേശ വിപണി മൂല്യം 30 ലക്ഷം രൂപ വരും. ഭർത്താവിന്റെ പേരിൽ ആന്തൂർ വില്ലേജിൽ 0.46 ഏക്കർ ഭൂമിയും (വിപണി മൂല്യം 12 ലക്ഷം) 8710 ചതുരശ്ര അടി സ്ഥലത്ത് 2500 ചതുരശ്ര അടി വിസ്തീർണമുള്ള 30 ലക്ഷം രൂപയുടെ വിപണിമൂല്യമുള്ള ഭവനവുമുണ്ട്. പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസും ശ്യാമളയുടെ പേരിലുണ്ട്.
Source link

