പിരപ്പൻകോട്ട് വാഹനാപകടം രണ്ട് കായിക താരങ്ങൾ മരിച്ചു രണ്ടുപേർക്ക് പരിക്ക് നിയന്ത്രണം വിട്ട ടിപ്പറിൽ ബൈക്കിടിച്ചു ടിപ്പർ കാറിന് മുകളിലേക്ക് മറിഞ്ഞു

വെഞ്ഞാറമൂട് : തിരുവനന്തപുരം പിരപ്പൻകോടിനുസമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറിയിൽ ബൈക്കിടിച്ച് കായികതാരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പിന്നാലെയെത്തിയ കാറിലേക്ക് ടിപ്പർ മറിഞ്ഞ് രണ്ട് കാർ യാത്രക്കാർക്കും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് അമ്പലംമുക്ക് പിരപ്പൻകോട് ഔട്ടർറിംഗ് റോഡിന് സമീപമായിരുന്നു അപകടം. പാറ കയറ്റി വന്ന ടോറസാണ് അപകടത്തിൽപ്പെട്ടത്.
വെമ്പായം കൊപ്പം ചിറത്തലയ്ക്കൽ വീട്ടിൽ രാജുവിന്റേയും സിന്ധുവിന്റേയും ഏകമകൻ ആദിത്യൻ (18), സുഹൃത്ത് കാട്ടാക്കട കൊറ്റൻകുഴി തൊഴുക്കൽക്കോണം എസ്.ജെ.നിവാസിൽ ഇഗ്നേഷ്യസിന്റെയും ശുഭാറാണിയുടെയും മകൾ ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ റഷിൻ,യാസിർ എന്നിവർക്കാണ് പരിക്കേറ്റത്.
യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിയും അമ്പെയ്ത്ത് താരവുമായിരുന്നു ആദിത്യൻ. മാർ ഇവാനിയോസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയും ദേശീയ കബഡി താരവുമാണ് ജൂലി. ദേശീയ പവർ ലിഫ്ടിംഗ് താരവുമായിരുന്നു. പിരപ്പൻകോട് അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിലെ കായിക താരങ്ങൾക്കുള്ള ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കാനും പരിശീലനത്തിനും ജൂലി പോയിരുന്നത്.
നാഗരുകുഴി ഭാഗത്ത് നിന്നുവന്ന ടോറസ് കയറ്റം കയറാനാകാതെ എൻജിൻ ഓഫായി പിന്നോട്ടു നീങ്ങുന്നതിനിടെ പിരപ്പൻകോട് ഭാഗത്ത് നിന്നുവന്ന ബൈക്ക് അതിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടോറസ് ബൈക്കിന് പിന്നാലെവന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽപെട്ടവരെ നാട്ടുകാർ ഉടൻ കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ആദിത്യൻ താമസിയാതെ മരിച്ചു. ജൂലിയെ അവിടെനിന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിക്കടിയിൽപെട്ട് പൂർണമായും തകർന്ന കാറിൽ കുടുങ്ങിയ യാസിറിനെയും റഷിനെയും ഫയർഫോഴ്സും പൊലീസും നാട്ടുകാരും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link



