NATIIONAL

പരീക്ഷ മാറ്റിവച്ച ‘പരീക്ഷണം’ തെറ്റിയില്ല, 15കാരനു മുന്നിൽ വിയർത്ത് ചെന്നൈ ബോളർമാർ; വൈഭവസ്ഥാൻ!


ഗുവാഹത്തി ∙ ഐപിഎൽ പരിശീലനം വേണോ പത്താം ക്ലാസ് പരീക്ഷ വേണോ എന്ന ചോദ്യത്തിന് രണ്ടാമതൊന്നു ചിന്തിക്കാതെ ഐപിഎൽ മതിയെന്നായിരുന്നു വൈഭവ് സൂര്യവംശിയുടെ മറുപടി. പരീക്ഷ വരെ മാറ്റിവച്ചു നടത്തിയ പരിശീലനം വെറുതെയായില്ലെന്ന് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പതിനഞ്ചുകാരൻ വൈഭവ് തെളിയിച്ചു. 17 പന്തിൽ 5 സിക്സും 4 ഫോറുമടക്കം 52 റൺസുമായി തകർത്തട‌ിച്ച വൈഭവിന്റെ ബലത്തിൽ, രാജസ്ഥാൻ റോയൽസിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ 8 വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127ന് ഓൾഔട്ടാക്കിയ രാജസ്ഥാൻ, 12.1 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: ചെന്നൈ 19.4 ഓവറിൽ 127ന് ഓൾഔട്ട്. രാജസ്ഥാൻ 12.1 ഓവറിൽ 2ന് 128.പവർപ്ലേയിൽ 74 റൺസാണ് ജയ്സ്വാളിനൊപ്പം (36 പന്തിൽ 38 നോട്ടൗട്ട്) വൈഭവ് കൂട്ടിച്ചേർത്തത്. അംശുൽ കംബോജിന്റെ പന്തിൽ വൈഭവ് പുറത്താകുമ്പോൾ, രാജസ്ഥാന് ജയിക്കാൻ 13.4 ഓവറിൽ 52 റൺസ് മാത്രം മതിയായിരുന്നു. 305.88 സ്ട്രൈക്ക് റേറ്റിൽ 5 സിക്സും 4 ഫോറും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. പിന്നാലെ ധ്രുവ് ജുറേലും (9 പന്തിൽ 18) വീണത് രാജസ്ഥാന്റെ വേഗം കുറച്ചെങ്കിലും ക്യാപ്റ്റൻ റിയാൻ പരാഗിനെ (11 പന്തിൽ 14 നോട്ടൗട്ട്) കൂട്ടുപിടിച്ച ജയ്സ്വാൾ മറ്റു പരുക്കുകളില്ലാതെ ടീമിനെ വിജയത്തിൽ എത്തിച്ചു.വിസിൽ മുഴങ്ങാതെ ചെന്നൈ ചെന്നൈയിൽ നിന്ന് ഈ സീസണിൽ രാജസ്ഥാനിലേക്കെത്തിയ രവീന്ദ്ര ജഡേജയുടെ ‘ഷോ’ ആയിരുന്നു പിന്നാലെ ഗുവാഹത്തി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. സർഫറാസ് ഖാനെയും (17) ശിവം ദുബെയെയും (6) പുറത്താക്കിയ ജഡേജ, ചെന്നൈയെ വരിഞ്ഞുകെട്ടി. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ചെന്നൈ ഒരുഘട്ടത്തിൽ 100 കടക്കില്ലെന്നു തോന്നിച്ചെങ്കിലും 10–ാം വിക്കറ്റിൽ അംശുൽ കംബോജിനൊപ്പം (7 നോട്ടൗട്ട്) 33 റൺസ് കൂട്ടിച്ചേർത്ത ജയ്മി ഓവർടൻ (43) ടീമിനെ 127 എന്ന സ്കോറിൽ എത്തിച്ചു. ഓവർടൻ, സർഫറാസ്, കാർത്തിക് ശർമ (18) എന്നിവർ ഒഴികെ മറ്റാർക്കും ചെന്നൈ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചില്ല. രാജസ്ഥാനായി ആർച്ചർ, ബർഗർ, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


Source link

Back to top button