LATEST

ശബരിമല യുവതീ പ്രവേശനം; ‘സർക്കാരെടുക്കുന്ന തീരുമാനവും പാർട്ടിയുടെ നിലപാടും ഒന്നാകണമെന്നില്ലല്ലോ?’

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഹർജികൾ പരിഗണിക്കുന്നത് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരെടുക്കുന്ന തീരുമാനവും സിപിഎമ്മിന്റെ നിലപാടും ഒന്നാണെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് അനുകൂലമായ ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസവും ​ശബ​രി​മ​ല​ ​യുവതീ പ്ര​വേ​ശ​ന​ ​വിഷയത്തിൽ ഇതേനിലപാടാണ് ഗോവിന്ദൻ ആവർത്തിച്ചത്.​

‘കോടതിയാണ് ശബരിമലയിലെ യുവതീ പ്രവേശനം വേണമോ വേണ്ടേയെന്ന് തീരുമാനിക്കുന്നത്. അത് അടിസ്ഥാനമാക്കിയുള്ള നിലപാടാണ് സർക്കാർ എല്ലാകാലത്തും എടുക്കുന്നത്. സർക്കാരെടുക്കുന്ന തീരുമാനവും പാർട്ടിയുടെ നിലപാടും ഒന്നാകണമെന്നില്ലല്ലോ? തിരഞ്ഞെടുപ്പ് സമയത്ത് ഈ പ്രശ്നം വീണ്ടും വരുന്നത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കില്ല. ചിലർ പ്രതിസന്ധിയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങൾക്ക് അനുകൂലമായ നിരവധി മാ​റ്റങ്ങൾ ഇടതുപക്ഷമുന്നണി കൊണ്ടുവന്നിട്ടുണ്ട്’- എം വി ഗോവിന്ദൻ പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പി എ ആയിരുന്ന സുരേഷ് പാർട്ടി മാറിയതിനെക്കുറിച്ചും ഗോവിന്ദൻ പ്രതികരിച്ചു. സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും അല്ലാതെ അയാൾ മനംമടുത്ത് പോയതല്ലെന്നുമായിരുന്നു ഗോവിന്ദൻ പറഞ്ഞത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ നിലപാടറിയിക്കുമെന്നാണ് ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. വിശ്വാസികളുടെ നിലപാട് സംരക്ഷിക്കുന്നതിനൊപ്പം ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ഞങ്ങൾക്കാണ് വിശ്വാസികളോട് ഏ​റ്റവും കൂടുതൽ കൂറുള്ളത്. ഞങ്ങൾ അന്ന് കോടതി പറഞ്ഞ നിലപാടാണ് എടുത്തത്. കയ​റ്റണ്ടെന്ന് പറഞ്ഞാൽ ആ നിലപാട് സ്വീകരിക്കും. കോടതിയുടെ തീരുമാനം വരട്ടെ’- ഗോവിന്ദൻ പറഞ്ഞിരുന്നു.


Source link

Back to top button