test del 2

പണത്തേക്കാൾ പ്രധാനം സൈനികരഹസ്യം; ഇറാന്റെ മണ്ണിൽ 830 കോടിയുടെ സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്ത് US


ടെഹ്‌റാൻ/ഇസ്ഫഹാൻ: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ മരുഭൂമിയിൽ തങ്ങളുടെ സൈനിക രഹസ്യങ്ങൾ ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ സ്വന്തം അത്യാധുനിക യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക.ഇറാൻ സൈന്യം വെടിവെച്ചിട്ട എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ രണ്ട് പൈലറ്റുമാരെ രക്ഷിക്കാനുള്ള അപകടകരമായ ദൗത്യത്തിനിടെയാണ് നൂറ് മില്യൺ ഡോളറിലധികം (830 കോടി) വിലമതിക്കുന്ന വിമാനങ്ങൾ അമേരിക്കയ്ക്ക് നശിപ്പിക്കേണ്ടിവന്നത്. അതീവ രഹസ്യമായ സാങ്കേതികവിദ്യകൾ സംരക്ഷിക്കുന്നത് പണത്തേക്കാൾ പ്രധാനമാണെന്ന അമേരിക്കൻ സൈനിക പ്രോട്ടോക്കോളിന്റെ ഭാഗമായിരുന്നു ഈ നടപടി.ഇറാൻ മണ്ണിൽ അകപ്പെട്ടുപോയ രണ്ട് സൈനികരെ രക്ഷിക്കാൻ അമേരിക്ക പ്രത്യേക ഓപ്പറേഷൻ ട്രാൻസ്പോർട്ട് വിമാനങ്ങൾ അയച്ചിരുന്നു. എന്നാൽ, മരുഭൂമിയിലെ താൽക്കാലിക ലാൻഡിങ് ഗ്രൗണ്ടിൽ ഇറങ്ങുന്നതിനിടെ മണലിൽ പൂഴ്ന്നുപോയതുമൂലം വിമാനങ്ങൾക്ക് സാങ്കേതികത്തകരാറുണ്ടായി. ലോക്ഹീഡ് മാർട്ടിൻ സി-130 വിഭാഗത്തിൽപ്പെട്ട എം.സി-130ജെ കമാൻഡോ II വിമാനങ്ങളായിരുന്നു ഇവ. ഇവയ്ക്കൊപ്പം സ്പെഷ്യൽ ഓപ്പറേഷൻ ദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന എം.എച്ച്-6 ലിറ്റിൽ ബേർഡ് ഹെലികോപ്റ്ററും ഉണ്ടായിരുന്നു.ഇറാൻ സൈന്യം തൊട്ടടുത്തെത്തിയതോടെ, വിമാനങ്ങളിലെ അതീവ രഹസ്യമായ ആശയവിനിമയ സംവിധാനങ്ങളും നാവിഗേഷൻ സാങ്കേതികവിദ്യകളും ഇറാന്റെ കൈകളിൽ എത്താതിരിക്കാൻ അവ സ്ഫോടനത്തിലൂടെ തകർക്കാൻ അമേരിക്കൻ കമാൻഡർമാർ ഉത്തരവിടുകയായിരുന്നു. അബോട്ടാബാദിൽ ഒസാമ ബിൻ ലാദനെ വധിച്ച ദൗത്യത്തിലും സമാനമായ രീതിയിൽ സാങ്കേതിക രഹസ്യങ്ങൾ ചോരാതിരിക്കാൻ അമേരിക്ക സ്വന്തം ഹെലികോപ്റ്റർ തകർത്തിരുന്നു.


Source link

Back to top button