test del 4 copy of del 3
നെഞ്ചുപൊട്ടി മുണ്ടത്തിക്കോട്, രാത്രി വൈകിയും ഉറങ്ങാതെ പ്രദേശവാസികൾ; ചുറ്റും കത്തിക്കരിഞ്ഞ വസ്തുക്കളുടെ കൂമ്പാരങ്ങൾ

മുണ്ടത്തിക്കോട് (തൃശൂര്) ∙ ആനയിടഞ്ഞതിനു ശേഷം ആളും ആരവവുമൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയായിരുന്നു രാത്രിയായപ്പോൾ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരവും പരിസരപ്രദേശങ്ങളും. മണിക്കൂറുകൾക്ക് മുമ്പ് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചതിന്റെ നടുക്കം നാട്ടുകാരെയൊന്നും വിട്ടുമാറിയിട്ടില്ല. പാടശേഖരത്തിന്റെ ഒരറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ഫയർ എൻജിന്. ഏക്കറു കണക്കിന് പരുന്നു കിടക്കുന്ന പാടശേഖരത്ത് കുറ്റാക്കൂരിരുട്ട് ആണെങ്കിലും ദുരന്തമുണ്ടായ ഭാഗത്തേക്കുള്ള വഴിയിൽ നിറയെ വെളിച്ചം. പാടശേഖരത്തിന്റെ ഏറെക്കുറെ മധ്യത്തായി ഒരു തുരുത്തുപോലെയുള്ള സ്ഥലത്താണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണം നടന്നു കൊണ്ടിരുന്നത്. തെങ്ങും മറ്റ് മരങ്ങളും നിറഞ്ഞ സ്ഥലത്ത് അഞ്ചിടത്തായി നിർമിച്ച താൽക്കാലിക ഷെഡ്ഡുകളിലാണ് സ്ഫോടക സാമഗ്രികൾ തയാറാക്കിയിരുന്നതും സൂക്ഷിച്ചിരുന്നതും. ഇവിടെ തയാറാക്കി തൃശൂർ പൂരസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു പതിവ്. ആ ഷെഡ്ഡുകളിൽ ഒരെണ്ണത്തിന്റെ മൺകട്ട കൊണ്ടുള്ള ഭിത്തി മാത്രമാണ് ഇന്ന് അവിടെ മിച്ചം. ചുറ്റും കത്തിക്കരിഞ്ഞ വസ്തുക്കളുടെ കൂമ്പാരങ്ങൾ മാത്രം. ‘‘ഇനി കുറെ ദിവസം ഇവിടെത്തന്നെ ആയിരിക്കും ഡ്യൂട്ടി. അവിടെയാണ് ആദ്യം പൊട്ടിയത്. പിന്നീട് അടുത്തടുത്ത സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സ് വന്ന് തീ അണച്ചു കൊണ്ടിരുന്നപ്പോഴും ഇടക്കിടെ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. വൈകിട്ട് ഏഴരയ്ക്ക് പോലും പൊട്ടി’’, പൊലീസുകാരിൽ ഒരാൾ പറഞ്ഞു. ശേഷിക്കുന്ന താൽക്കാലിക ഷെഡ്ഡിന്റെ തൊട്ടടുത്ത് നിറയെ വെള്ളമുള്ള വലിയൊരു കുഴിയുണ്ട്. മൃതദേഹങ്ങൾ അതിൽ മുങ്ങിയിട്ടുണ്ടോ എന്നറിയാൻ ഡൈവിങ് ടീം അതിൽ മുങ്ങിത്തപ്പിയിരുന്നു എന്നും പൊലീസുകാർ വിശദീകരിച്ചു.ദുരന്തമുണ്ടായ പാടശേഖരത്തിന് 5 കിലോമീറ്റർ അപ്പുറത്താണ് തൃശൂർ മെഡിക്കൽ കോളജ്. രാത്രി 12 മണി കഴിഞ്ഞിട്ടും നൂറോളം പേരെങ്കിലും അത്യാഹിത വിഭാഗത്തിനു മുന്നിൽ കൂടിനിൽക്കുന്നുണ്ട്. മന്ത്രി വീണാ ജോർജ്, ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ രാത്രി വൈകിയും ആശുപത്രിയിലുണ്ട്. സ്ഥലം എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയും കൂടിനിൽക്കുന്നവർക്കിടയിലുണ്ട്. ഇതിനിടെ സ്ഥലം എം.പി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി. അര മണിക്കൂറിലേറെ ആശുപത്രിയിൽ ചെലവഴിച്ച സുരേഷ് ഗോപി ഡോക്ടർമാരും ജില്ലാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാന മന്ത്രിമാരും കെ.സി.വേണുഗോപാൽ എംപിയും അടക്കമുള്ളവർ നേരത്തെ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപ്പിച്ചിരുന്നു. ദുരന്തസ്ഥലം സന്ദർശിച്ച ശേഷമാണ് കെ.സി.വേണുഗോപാൽ ആശുപത്രിയിലെത്തിയത്. ഓരോ ആംബുലൻസ് അത്യാഹിത വിഭാഗത്തിലേക്ക് വരുമ്പോഴും ദുരന്തസ്ഥലത്തു നിന്നാണോ എന്ന ആകാംഷയോടെയാണ് ജനങ്ങൾ കൂടി നിന്നത്. നിലവിൽ 14 പേർ മരിച്ചു എന്നാണ് കണക്ക്. ഇതിൽ ഏഴു മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാൻ കഴിയാവുന്ന വിധത്തിൽ ബാക്കിയായത്. ബാക്കിയുള്ള ശരീരഭാഗങ്ങൾ ആരുടേതൊക്കെ എന്ന് തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്ത ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. മുണ്ടത്തിക്കോട് സതീഷ് ഉള്പ്പെടെ ഗുരുതരാവസ്ഥയിലുള്ള അഞ്ചു പേരിൽ 2 പേർ വെന്റിലേറ്ററിലാണ്. പൊള്ളലേറ്റും മറ്റും ചികിത്സ തേടിയവർ ഡസൻ കണക്കിനും. മുണ്ടത്തിക്കോടിന്റെ മുറിവുകൾ എത്ര ആഴത്തിലുള്ളതാണെന്ന് വരും ദിവസങ്ങളിലെ പരിശോധനയിൽ കൂടി മാത്രമേ വ്യക്തമാവുകയുള്ളൂ.
Source link


