test del 1

‘നീ എന്റെ മകന്റെ കരിയർ തീർത്തല്ലോ’,​ ഒപ്പിട്ടു നൽകിയ ഷർട്ട് എറിഞ്ഞത് ചവറ്റുകുട്ടയിൽ,​ വെളിപ്പെടുത്തി യുവരാജ്

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ കാലഘട്ടമെന്ന് പറയാവുന്ന 2007ലെ ട്വന്റി-20 ലോകകപ്പിലെയും 2011ലെ ഏകദിന ലോകകപ്പിലെയും വിജയശില്പിയായിരുന്നു യുവരാജ് സിംഗ്. എം.എസ്. ധോണിക്ക് കീഴിൽ ഇന്ത്യ കിരീടമുയർത്തിയ രണ്ട് ടൂർണമെന്റുകളിലും പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയത് യുവരാജായിരുന്നു.

താരത്തിന്റെ കരിയറിലെ ഏറ്റവും ഐതിഹാസികമായ നിമിഷം 2007ൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ നേടിയ ആറ് സിക്സറുകളാണ്. ഇപ്പോഴിതാ ആ ചരിത്ര നിമിഷത്തിന് ശേഷം നടന്ന രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ദി ഓവർ ലാപ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സിക്സറുകൾ അടിച്ചതിന് അന്നത്തെ ഐപിഎൽ ചെയർമാൻ ലളിത് മോദി യുവരാജിന് കാർ സമ്മാനിച്ചു എന്ന വാർത്തകൾ പണ്ടേ പ്രചരിച്ചിരുന്നു. അതിന്റെ സത്യാവസ്ഥയാണ് യുവരാജ് തുറന്നു പറഞ്ഞിരിക്കുന്നത്.


‘ആരെങ്കിലും ആറ് സിക്സറുകൾ അടിച്ചാൽ താൻ ഒരു ഫെരാരി സമ്മാനമായി നൽകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. സിക്സറുകൾ അടിച്ചതിന് പിന്നാലെ ഞാൻ എന്റെ ഫെരാരി എവിടെയെന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പോർഷെ വാഗ്ദാനം ചെയ്തു. അടുത്ത കളി കൂടി ജയിച്ചാൽ അത് ഫെരാരിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമോ എന്ന് ഞാൻ ചോദിച്ചെങ്കിലും പോർഷെ മാത്രമേ ലഭിക്കൂ എന്നായിരുന്നു മറുപടി. പക്ഷേ, ഒടുവിൽ എനിക്ക് ലഭിച്ചത് ഒരു ബിഎംഡബ്ല്യു എം5ആയിരുന്നു. അദ്ദേഹം വാക്ക് പാലിച്ചു,’ യുവരാജ് പറഞ്ഞു.

ആറ് സിക്സറുകൾക്ക് ശേഷം ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയുമായിരുന്ന ക്രിസ് ബ്രോഡുമായുള്ള അന്നത്തെ സംഭാഷണവും യുവരാജ് ഓർത്തെടുത്തു. അഞ്ചാമത്തെ സിക്സറിന് ശേഷം താൻ ബ്രോഡിനെ നോക്കി ചിരിച്ചുകൊണ്ട് ‘നമ്മൾ ഇപ്പോൾ തുല്യരായി’ എന്ന് പറഞ്ഞതായി യുവരാജ് വെളിപ്പെടുത്തി.

‘മത്സരത്തിന് ശേഷം ക്രിസ് ബ്രോഡ് എന്റെ അടുത്ത് വന്നു പറഞ്ഞു, നീ എന്റെ മകന്റെ കരിയർ ഏതാണ്ട് അവസാനിപ്പിച്ചു. സ്റ്റുവർട്ടിനായി ഒരു ഷർട്ട് ഒപ്പിട്ടു നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കും അഞ്ച് സിക്സറുകൾ വഴങ്ങിയ അനുഭവമുണ്ടെന്നും സ്റ്റുവർട്ട് ലോകത്തിലെ മികച്ച ബൗളറായി മാറട്ടെയെന്നും ഞാൻ ആ ഷർട്ടിൽ കുറിച്ചു. എന്നാൽ ആ ഷർട്ട് ബ്രോഡ് ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്നാണ് പിന്നീട് കേട്ടത്,’- യുവരാജ് പറഞ്ഞു.

പിൽക്കാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളായി സ്റ്റുവർട്ട് ബ്രോഡ് മാറിയത് ചരിത്രമായിരുന്നു. യുവരാജിന്റെ പ്രവചനം പോലെ തന്നെ ആ സിക്സറുകൾ ബ്രോഡിന്റെ കരിയർ തകർത്തില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കുകയുമാണ് ചെയ്തത്.


Source link

Back to top button