നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണം, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നെടുമങ്ങാട്ടെ നിതിൻ രാജിന്റെ ദൗർഭാഗ്യകരമായ മരണം കേരള മനസ്സാക്ഷിയെ നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും അധിക്ഷേപം നേരിട്ടതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. നവോത്ഥാനത്തെക്കുറിച്ച് വാചാലരാകുന്ന പിണറായി സർക്കാർ, സ്വന്തം നാട്ടിലെ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന ഇത്തരം ക്രൂരതകൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണം സംഭവിച്ചിട്ട് അധികകാലമായില്ല. കോളേജധികൃതരുടെ മൗനാനുവാദത്തോടെയുള്ള പീഡനമായിരുന്നു അതിനും കാരണം. അധികാരത്തിന്റെ തണലിൽ ഇത്തരം സ്ഥാപനങ്ങളിലെ മാനേജ്മെന്റുകൾ കാണിക്കുന്ന ധിക്കാരത്തിന് സർക്കാർ കുടപിടിക്കുകയാണ്. നിതിൻ രാജിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. രണ്ട് അധ്യാപകരെ സസ്പെന്റ് ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല. ഉത്തരവാദികളായവരെയെല്ലാം കണ്ടെത്തി തക്കതായ ശിക്ഷ നൽകുക തന്നെ വേണം.
Source link


