നിതിനെ ഓൺലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് കുടുംബം

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിന് ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണിയും കാരണമായെന്ന സംശയത്തിൽ പൊലീസ്. അദ്ധ്യാപകരുടെ ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളും പൊലീസ് കണ്ടെത്തി. എന്നാൽ, അന്വേഷണം ലോൺ ആപ്പിലേക്ക് നീങ്ങുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്നാണ് കുടുംബത്തിന്റെ ആരോപണം. അടിയന്തരമായി 8000 രൂപ അടയ്ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം അയച്ചിരുന്നു. താൻ പാവമാണെന്നാണ് നിതിൻ ഇതിന് മറുപടി നൽകിയത്. ഓൺലൈൻ വായ്പാ സംഘം നിതിന്റെ അദ്ധ്യാപികയ്ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറഞ്ഞു. ലോൺ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ അദ്ധ്യാപിക പ്രിൻസിപ്പലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിതിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
Source link


