നിങ്ങളുടെ മക്കൾ എഴുതിയ സി ബി എസ് ഇ പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ക്യൂ ആർ കോഡ് ഉണ്ടായിരുന്നോ?

ന്യൂഡൽഹി: കഴിഞ്ഞദിവസം നടന്ന പ്ലസ് ടു കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ കണ്ട ക്യൂ ആർ കോഡിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോൾ പ്രശസ്ത ഇംഗ്ലീഷ് ഗായകനായ റിക്ക് ആസ്റ്റ്ലിയുടെ ‘നെവർ ഗോണ ഗിവ് അപ്പ്’ എന്ന മ്യൂസിക്ക് ആൽബത്തിലേക്ക് പോയി എന്നാണ് ചോദ്യപ്പേപ്പറിലെ ക്യൂ ആർ കോഡ് സഹിതം വിദ്യാർത്ഥികൾ പങ്കിട്ട പോസ്റ്റുകളിൽ അവകാശപ്പെടുന്നത്. നിമിഷ നേരംകൊണ്ട് റെഡ്ഡിറ്റിലുൾപ്പെടെ ഇതിന് വലിയ പ്രചാരം നേടുകയും ചെയ്തു.ഇത് വിദ്യാർത്ഥികൾക്കിടയിൽ കടുത്ത ആശങ്ക ഉയർത്തുകയും ചെയ്തു. ചോദ്യപ്പേപ്പറിൽ കൃത്രിമത്വം നടന്നോ എന്ന സംശയമായിരുന്നു ആശങ്കയ്ക്ക് കാരണം. വാർത്ത പ്രചരിച്ചതോടെ ഔദ്യോഗിക പ്രസ്താവനയുമായി സി ബി എസ് ഇ രംഗത്തെത്തി. ചോദ്യപ്പേപ്പറുകൾ തികച്ചും ആധികാരികമാണെന്നും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും നടന്നിട്ടില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ചോദ്യപ്പേപ്പറിൽ ഒന്നിലധികം ബിൽറ്റ് ഇൻ സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് പരിശോധിച്ച് ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്നതിൽ യാഥാർത്ഥ്യം എന്തെങ്കിലും ഉണ്ടാേ, അതാേ ആരെങ്കിലും ഒപ്പിച്ച പ്രാങ്ക് ആയിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ വ്യക്തമായ മറുപടി നൽകണമെന്നാവശ്യപ്പെട്ട് ചിലർ രംഗത്തെത്തിയിട്ടുണ്ട്. പ്രാങ്കാണെങ്കിൽ അതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Source link



