CINEMA
നാട്യങ്ങളില്ലാത്ത സിനിമാക്കാരൻ

തനതായ ശബ്ദഗാംഭീര്യവും ശരീര ഭാഷയുമായി നിറഞ്ഞു നിന്ന നടൻ ഇ. എ. രാജേന്ദ്രൻ ഇനി ദീപ്തമായ ഒാർമ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്ന നടൻ ഇ. എ. രാജേന്ദ്രൻ സിനിമയിലും മിനിസ്ക്രീനിലും ഒരേപോലെ തിളങ്ങി. നാടകരംഗത്തുനിന്ന് സിനിമയിൽ എത്തിയ രാജേന്ദ്രൻ, ഒട്ടനവധി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങുന്നതായിരുന്നു കാഴ്ച. തനതായ ശബ്ദഗാംഭീര്യവും ശരീര ഭാഷയുമായിരുന്നു ഏറ്റവും വലിയ പ്രത്യേകത.
നാടക നടനായാണ് അഭിനയ തുടക്കം. തൃശൂർ തൃത്തല്ലൂർ യു.പി സ്കൂളിലെ പഠനകാലത്ത് തന്നെ സ്കൂൾ സാഹിത്യ സമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പങ്കെടുത്തു. കോളേജ് പഠനശേഷം ഡൽഹിയിലെ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ ഒന്നാം റാങ്കോടെ ബിരുദം നേടി. തുടർന്ന് പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സിന് ചേർന്നു.1981ൽ വി.ആർ. ഗോപിനാഥ് സംവിധാനം ചെയ്തഗ്രീഷ്മം എന്ന ചിത്രത്തിൽ ആണ് ആദ്യം അഭിനയിച്ചത്. കാവടിയാട്ടം സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ചത് ശ്രദ്ധ നേടി.
കളിയാട്ടത്തിലെ
ഉണ്ണി തമ്പുരൻ
ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്കുശേഷം സജീവമാകുന്നത്. കളിയാട്ടത്തിലെ ഉണ്ണി തമ്പുരാനായി പരകാശ പ്രവേശംനടത്തിയത് പ്രശംസ നേടി. ജയറാം ചിത്രം പട്ടാഭിഷേകത്തിലെ ബലരാമൻ എന്ന വില്ലൻ കഥാപാത്രം മുന്നിട്ടു നിന്നു. മോഹൻലാൽ ചിത്രം നരസിംഹത്തിലെ രാമകൃഷ്ണൻ എന്ന വില്ലൻ കഥാപാത്രവും മീശമാധവനിലെ പൂവത്തിങ്കൽ വിശ്വം എന്ന ചേട്ടൻ കഥാപാത്രവും പൊറിഞ്ചു മറിയം ജോസിലെ സ്കൂൾ മാഷും രാജേന്ദ്രന്റെ ഓർമ്മിക്കപ്പെടുന്ന വേഷങ്ങളാണ്. പ്രണയവർണങ്ങൾ, ദയ, ഉദയപുരം സുൽത്താൻ, തച്ചിലേടത്ത് ചുണ്ടൻ, തുടങ്ങി അറുപതിലധികം സിനിമയിൽ വില്ലനായും സ്വഭാവ നടനായും അഭിനയിച്ചു. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും മുദ്ര പതിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സംവിധായകൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മികച്ച സാങ്കേതിക തികവോടെയും ഹൃദ്യമായ പ്രമേയങ്ങളിലൂടെയും ഒരുക്കിയ സീരിയലുകൾ ശ്രദ്ധ നേടി.
ഭാര്യാപിതാവ് ഒ. മാധവന്റെ ഉടമസ്ഥതയിലെ പ്രശസ്തമായ കൊല്ലം കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതിയുടെ മുഖ്യ പ്രവർത്തകനായി 70 ലേറെ നാടകങ്ങൾ അരങ്ങിൽ എത്തിച്ചു . നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ ഒരു റഷ്യൻ നോവൽ നാടകമാക്കി. 1987 ൽ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ നാടകത്തിനായിരുന്നു.
മകൻ ദിവ്യദർശനെയുംഭാര്യ സഹോദരൻ നടൻ മുകേഷിനെയും നായകൻമാരാക്കി കാളിദാസ ഇന്റനാഷണൽ മുവീസിന്റെ ബാനറിൽ നിർമ്മിച്ച ഹൈഡ് ആന്റ് സീക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണ കാര്യങ്ങളിൽപ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം പകർന്നു എന്ന് രാജേന്ദ്രൻ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.ജയരാജ് സംവിധാനം ചെയ്ത റിലീസിന് ഒരുങ്ങുന്ന ഒരു പെരുംകളിയാട്ടമാണ് അവസാന ചിത്രം.
Source link


