test del 1

നമ്മൾ വെറുമൊരു തൊഴിലാളി, പന്തെറിയുകയാണ് ജോലി”; ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെടുന്നതിൽ മനസ് തുറന്ന് മുഹമ്മദ് ഷമി

കൊൽക്കത്ത: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തീപ്പൊരി പ്രകടനം തുടരുമ്പോഴും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് വൈകുന്നതിൽ പ്രതികരിച്ച് സ്റ്റാർ പേസർ മുഹമ്മദ് ഷമി. സോഷ്യൽ മീഡിയയ്ക്കും ആഡംബരങ്ങൾക്കും പിന്നാലെ പോകാതെ കഠിനാധ്വാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഷമി വ്യക്തമാക്കി. ബംഗാൾ പ്രോ ട്വന്റി-20 ലീഗിന്റെ മൂന്നാം സീസൺ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മൾ ഒരു തൊഴിലാളിയെപ്പോലെയാണ്. പന്തെറിയുക എന്നത് മാത്രമാണ് നമ്മുടെ ജോലി. കരിയറിൽ പരിക്കുകളും ഉയർച്ചതാഴ്ചകളുമൊക്കെ സ്വാഭാവികമാണ്. എന്നാൽ കഠിനാധ്വാനം കൈവിടരുത്.’ ഷമി പറയുന്നു.

ആഡംബരങ്ങൾക്കും സോഷ്യൽ മീഡിയ പ്രശസ്തിക്കും പിന്നാലെ പോകുന്നത് ഒരു കായികതാരത്തിന്റെ ബലഹീനതയായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുപിയിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച താരം തന്റെ പാരമ്പര്യം മറന്നിട്ടില്ലെന്നും ബംഗാളിനെ സ്വന്തം കർമ്മഭൂമിയായാണ് കാണുന്നതെന്നും ഷമി കൂട്ടിച്ചേർത്തു.


നിലവിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ വിശ്വസ്തനായ ബൗളറാണ് ഷമി. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷമിയുടെ പ്രകടനം സെലക്ടർമാർക്കുള്ള കൃത്യമായ മറുപടിയായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. തന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാൻ ഒരുങ്ങുകയാണ് ഷമി.

‘ഈഡനിലെ പിച്ചും സാഹചര്യങ്ങളും എനിക്ക് നന്നായി അറിയാം. ലഖ്നൗവിന് വേണ്ടി കെകെആറിനെതിരെ കളിക്കുമ്പോൾ ആ പരിചയസമ്പത്ത് എനിക്ക് ഗുണകരമാകും.’ ഷമി പറഞ്ഞു. അജിങ്ക്യ രഹാനെ, റിങ്കു സിംഗ് എന്നിവരും ചടങ്ങിൽ ഷമിക്കൊപ്പമുണ്ടായിരുന്നു. പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുമ്പോഴും ടീം സെലക്ഷനിൽ തഴയപ്പെടുന്നതിലെ നിസംഗത ഷമിയുടെ വാക്കുകളിൽ പ്രകടമായിരുന്നു.


Source link

Back to top button