‘ധെെര്യമുണ്ടെങ്കിൽ കേസ് കൊടുക്ക്’; കോൺഗ്രസിനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ മറുച്ചുവച്ചെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം സിപിഎമ്മും ബിജെപി ഒരുമിച്ചാണെന്ന് ആരോപിച്ചു. ഇപ്പോൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് കോൺഗ്രസിന്റെ ഒരു രീതിയാണെന്നും ധെെര്യമുണ്ടെങ്കിൽ കേസ് കൊടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു.’2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുപോലെയാണ് കോൺഗ്രസ് ചെയ്തത്. നുണപറയുന്നവരാണ് കോൺഗ്രസ്. നൂറ് ശതമാനവും കള്ളമാണ് കോൺഗ്രസ് പറയുന്നത്. ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് സത്യം അറിയാം. തിരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ച ചെയ്യേണ്ടത്. അത് ബിജെപി ചെയ്യുന്നുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്’ -രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.അതേസമയം, ഇന്ന് ഉച്ചയ്ക്ക് പത്രിക സൂക്ഷപരിശോധനയ്ക്ക് വിധേയമാക്കും. ബംഗളൂരുവിലെ കോറമംഗലയിൽ 49,000ചതുരശ്രഅടി വിസ്തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. 111.11കോടി രൂപയുടെ ആസ്തിയാണ് രാജീവ് ചന്ദ്രശേഖറിനും ഭാര്യയ്ക്കുമുള്ളതെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. ഇതിൽ രാജീവ് ചന്ദ്രശേഖറിന് 93.88കോടിയും ഭാര്യക്ക് 18.10കോടിയുമാണ് ആസ്തി. 2024ലെ സത്യവാങ്മൂലത്തിൽ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
Source link



