NATIIONAL

‘ഡിഫൻസിവ് ഷോട്ടില്‍’ പുറത്താകുന്നു! ടീമിനു മുകളിലുള്ള സമ്മർദം സഞ്ജുവിനെയും ബാധിച്ചോ? ക്യാപ്റ്റൻസി കൺഫ്യൂഷൻ


ഉയിർപ്പിന്റെ ഉടയോൻ എന്ന വിശേഷണം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മറ്റാരെക്കാളും ചേരുക സഞ്ജു സാംസണായിരിക്കും. ഫോം ഔട്ടിന്റെ താഴ്ചകളിലേക്ക് ഇടറിവീണപ്പോഴെല്ലാം, അവിസ്മരണീയ ഇന്നിങ്സുകളിലൂടെ വീണ്ടും ഉദിച്ചുയരുന്നതാണ് സഞ്ജുവിന്റെ ശീലം. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പ്രകടനത്തിനു പിന്നാലെ, പ്രതീക്ഷകളുടെ പ്രളയം കടന്നാണ് ഇത്തവണത്തെ ഐപിഎലിൽ സഞ്ജു ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എത്തിയത്. എന്നാൽ, ആദ്യ 3 മത്സരങ്ങളിലും നിരാശ മാത്രമായിരുന്നു ഫലം. 6,7,9 എന്നിങ്ങനെയാണ് ഈ സീസണിലെ ആദ്യ 3 കളികളിൽ സ‍ഞ്ജുവിന്റെ സ്കോർ. ടീമുമായി ഇഴകിച്ചേരാൻ സഞ്ജുവിന് അൽപം കൂടി സമയം നൽകണമെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപ്പോഴും സഞ്ജുവിന്റ ഫോമിനെച്ചൊല്ലിയുള്ള ആശങ്കകൾ അവസാനിക്കുന്നില്ല.ദുർബലമായ ബോളിങ് നിരയും യുവതാരങ്ങളെ കുത്തിനിറച്ച ബാറ്റിങ് നിരയുമായാണ് ചെന്നൈ ടീം ഇത്തവണത്തെ ഐപിഎലിന് എത്തിയത്. ടീമിന്റെ ദയനീയസ്ഥിതി സഞ്ജുവിന്റെ ഫോമിനെയും ബാധിച്ചിരിക്കാം. ‘പന്തുകണ്ടാൽ ബാറ്റ് വീശും, പരമാവധി സിക്സ് നേടും’ എന്നായിരുന്നു ചെന്നൈ ടീമിൽ എത്തിയതിനു പിന്നാലെ ആരാധകർക്കു സഞ്ജു നൽകിയ വാക്ക്. എന്നാൽ ബാറ്റിങ് നിരയിലെ സീനിയർ താരമായ താൻ റൺ കണ്ടെത്തിയില്ലെങ്കിൽ അതു ടീമിനെ ആകെ ബാധിക്കുമെന്ന ആശങ്കയും സമ്മർദവും സഞ്ജുവിനുണ്ട്. സ്വതസിദ്ധമായ അറ്റാക്കിങ് ഷോട്ടുകൾ കളിക്കാതെ, പ്രതിരോധത്തിലേക്കു വലിയാൻ സഞ്ജുവിനെ പ്രേരിപ്പിക്കുന്ന ഘടകവും ഇതുതന്നെ. അവസാന രണ്ടു മത്സരങ്ങളിലും ഡിഫൻസീവ് ഷോട്ടിനു ശ്രമിച്ചായിരുന്നു സഞ്ജു പുറത്തായത്. മുൻവിധിയോടെയുള്ള ഈ ബാറ്റിങ് ശൈലി സഞ്ജുവിന്റെ ഫോമിനെ ബാധിച്ചിരിക്കാം.ഓപ്പണിങ്ങിൽ ആരൊക്കെ?നിലവിൽ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണറായാണ് സഞ്ജു ബാറ്റിങ്ങിന് എത്തുന്നത്. ആദ്യ മത്സരങ്ങളിൽ സഞ്ജുവിന് തിളങ്ങാൻ സാധിക്കാതെ വന്നതോടെ, ഓപ്പണിങ് പൊളിച്ചെഴുതണമെന്ന ആവശ്യമുയരുന്നുണ്ട്. ക്യാപ്റ്റൻ ആയതിനാൽ ഋതുരാജിനെ മാറ്റാൻ സാധിക്കില്ല. ഇതോടെ, പവർപ്ലേ പരമാവധി ഉപയോഗപ്പെടുത്താൻ ഓപ്പണിങ്ങിൽ ഋതുരാജിനൊപ്പം ആയുഷ് മാത്രെയെ കൊണ്ടുവരണമെന്നാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും ആവശ്യം. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള ഉർവിൽ പട്ടേലിനെ സഞ്ജുവിന് പകരം ഓപ്പണറാക്കണമെന്നു വാദിക്കുന്നവരും കുറവല്ല. ഓപ്പണിങ് സ്ലോട്ടിൽ നിന്നു മാറേണ്ടിവന്നാൽ അത് സഞ്ജുവിനെ കൂടുതൽ സമ്മർദത്തിലാക്കിയേക്കാം.


Source link

Back to top button