ട്രെയിൻ സർവീസുകൾ പലതും മുടങ്ങും, ചിലതിൽ സമയമാറ്റം; മാർച്ച് 26 വരെ യാത്രക്കാർ കരുതിയിരിക്കണം

കൊച്ചി: എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർദ്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചതിനാൽ മാർച്ച് 26 വരെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണമേർപ്പെടുത്തി. ട്രെയിനിന്റെ വാതിലുകളും പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഉയര വ്യത്യാസം അപകടസാദ്ധ്യത സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.ആദ്യഘട്ടത്തിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് നിർമാണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലണ് പുനഃക്രമീകരിച്ചിരിക്കുന്നത്. കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്പ്രസും ഉൾപ്പെടെ ആറ് ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി.രാവിലെ ആറ് മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി ഇനി 26 വരെ 6.22ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ് ഈ കാലയളവിൽ കോട്ടയം വരെ മാത്രമാകും സർവീസ് നടത്തുക. എറണാകുളം – പാലക്കാട് മെമു (66610) എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, 26 വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
Source link


