LATEST

‘ഞങ്ങളുടെ നേതാവിനെ കൊന്നു’, അമേരിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കില്ലെന്ന് ഇറാന്‍


ടെഹ്‌റാന്‍: ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്‍മാറി. രാജ്യത്തിന്റെ കായികമന്ത്രി അഹമ്മദ് ദുന്യാമലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിലെ ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാസങ്ങളുടെ ഇടവേളയില്‍ രണ്ട് യുദ്ധങ്ങള്‍ ഇറാന് മേല്‍ അടിച്ചേല്‍പ്പിക്കുകയും ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തവരാണ് അമേരിക്ക. മാത്രവുമല്ല ഇറാന്റെ പരമോന്നത നേതാവിനേയും അവര്‍ കൊലപ്പെടുത്തി. അപ്പോള്‍ ആ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല- മന്ത്രി വ്യക്തമാക്കി.2026 ഫുട്‌ബോള്‍ ലോകകപ്പ് അമേരിക്ക, മെക്‌സികോ, കാനഡ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഇറാന്റെ മത്സരങ്ങളെല്ലാം അമേരിക്കയിലാണ് ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ രാജ്യത്തെ താരങ്ങള്‍ അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്നും കുട്ടികളുടെ കാര്യത്തില്‍ അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കാന്‍ കഴിയില്ലെന്നും ദുന്യാമലി കൂട്ടിച്ചേര്‍ത്തു. ആതിഥേയര്‍ക്ക് ശേഷം ഈ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച ആദ്യത്തെ രാജ്യമായിരുന്നു ഇറാന്‍.’അഴിമതി നിറഞ്ഞ യു.എസ് ഭരണകൂടം നമ്മുടെ നേതാവിനെ വധിച്ച സ്ഥിതിക്ക്, ഒരു സാഹചര്യത്തിലും ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല’ -മന്ത്രി ബുധനാഴ്ച സര്‍ക്കാര്‍ ടെലിവിഷനോട് വ്യക്തമാക്കി. ‘നമ്മുടെ കുട്ടികള്‍ അവിടെ സുരക്ഷിതരല്ല. അടിസ്ഥാനപരമായി, ലോകകപ്പില്‍ കളിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ നിലവിലില്ല. ഇറാനെതിരെ അവര്‍ നടത്തിയ ദുഷ്ടപ്രവൃത്തികള്‍ കണക്കിലെടുക്കുമ്പോള്‍ അതിനുള്ള മാനസികനിലയും രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button