ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനാവുമോ? നിർണായക വാർത്താസമ്മേളനം നാളെ രാവിലെ

ആലപ്പുഴ: സി പി എം അംഗത്വം ഉപേക്ഷിച്ച മുൻ മന്ത്രി ജി സുധാകരൻ നാളെ രാവിലെ മാദ്ധ്യമങ്ങളെകാണും. പതിനൊന്ന് മണിക്കുള്ള വാർത്താസമ്മേളനത്തിൽ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങൾ അദ്ദേഹം വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനുശേഷം മാദ്ധ്യമങ്ങളോടുൾപ്പെടെ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാൽ ജില്ലയിൽ തന്നോട് അടുപ്പമുള്ള സി പി എമ്മിലെ ചിലരുമായി അദ്ദേഹം ആശയവിനിമയം നടത്താറുണ്ടെന്നും റിപ്പോർട്ടുണ്ട്. ഒരു പാർട്ടിയിലേക്കും പോകില്ലെന്നും ആരുടെയും സ്ഥാനാർത്ഥിയാകില്ലെന്നും അദ്ദേഹം ചിലരോട് സൂചിപ്പിച്ചെന്നും അറിയുന്നുണ്ട്.കഴിഞ്ഞദിവസം ആലപ്പുഴയിലെ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ചേർത്ത് അദ്ദേഹം വാട്സാപ്പ് മീഡിയ ഗ്രൂപ്പുതുടങ്ങിയിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നതിനുവേണ്ട മുന്നൊരുക്കമാണെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇതിനാേടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.സുധാകരന്റെ തുടർ നീക്കങ്ങളെ മുന്നണികൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്. യു ഡി എഫ് അമ്പലപ്പുഴ ഒഴിച്ചിട്ടാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചിരിക്കുന്നത്. ജി സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ സ്വന്തം സ്ഥാനാർത്ഥിയെ നിറുത്താതെ അദ്ദേഹത്തിന് പിന്തുണ നൽകാനാണ് അവരുടെ തീരുമാനം. അദ്ദേഹത്തെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാൻ പ്രമുഖ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുമുണ്ട്. ഒരുകാരണവശാലും കോൺഗ്രസിനോട് അടുക്കാൻ ജി സുധാകരന് ആവില്ലെന്നും അഥവാ യുഡിഎഫിലെത്തിയാൽ അത് ആത്മഹ്യാപരമായിരിക്കുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള ചിലർ പറയുന്നത്. സ്ഥാനമോഹി എന്ന ദുഷ്പേര് ഉണ്ടാക്കാൻ ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
Source link



