ജി. മാധവൻ നായർ പ്രതിയായ ആൻട്രിക്സ്-ദേവാസ് അഴിമതിക്കേസിലെ കുറ്രപത്രം മടക്കി

ന്യൂഡൽഹി: മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി. മാധവൻ നായർ പ്രതിയായ ആൻട്രിക്സ് – ദേവാസ് അഴിമതിക്കേസിലെ സി.ബി.ഐ കുറ്രപത്രം 10 വർഷത്തിനു ശേഷം ഡൽഹിയിലെ കോടതി മടക്കി. തങ്ങളുടെ അതിർത്തിയുടെ അധികാരപരിധിയിൽ വരുന്ന കേസല്ലെന്ന് വ്യക്തമാക്കിയാണ് ഡൽഹി റൗസ് കോടതിയുടെ നടപടി. 2016ലാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. 578 കോടിയുടെ അഴിമതി ആരോപിച്ചു. ഗൂഢാലോചന അടക്കം ബംഗളൂരുവിൽ നടന്നുവെന്നാണ് സി.ബി.ഐ പറയുന്നത്. അവിടേക്ക് കേസ് മാറ്റണമെന്ന് പ്രതികളിലൊരാളായ ഐ.എസ്.ആർ.ഒ മുൻ അഡിഷണൽ സെക്രട്ടറി വീണ ശ്രീ റാം റാവു അപേക്ഷ നൽകി. ഈ ആവശ്യം ജഡ്ജി അതുൽ കൃഷ്ണ അഗർവാൾ അംഗീകരിക്കുകയായിരുന്നു. കുറ്രപത്രം ബെംഗളൂരു കോടതിയിൽ സമർപ്പിക്കാൻ സി.ബി.ഐയോട് നിർദ്ദേശിച്ചു. 2005ൽ ഐ.എസ്.ആർ.ഒയുടെ വാണിജ്യസ്ഥാപനമായ ആൻട്രിക്സ് കോർപറേഷൻ ലിമിറ്രഡ്, ദേവാസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി കരാറിലേർപ്പെട്ടിരുന്നു. ഇന്ത്യയിലെ മൊബൈൽ പ്ലാറ്റ്ഫോമുകൾക്ക് മൾട്ടിമീഡിയ സേവനങ്ങൾ നൽകാൻ ദേവാസിന് സാറ്റലൈറ്റ് സ്പെക്ട്രം തുച്ഛമായ തുകയ്ക്ക് ആൻട്രിക്സ് പാട്ടത്തിന് നൽകിയെന്നാണ് സി.ബി.ഐ ആരോപണം. ജി. മാധവൻ നായർ അടക്കം പ്രതികൾ അഴിമതിക്ക് കളമൊരുക്കിയെന്നും കുറ്രപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
Source link



