ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ വിളിച്ചോ? സ്വിച്ച്ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്ത്, ഉപഭോക്താക്കൾ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനാകുന്നില്ലെന്ന് ഉപഭോക്താക്കൾ. കഴിഞ്ഞ രണ്ട് ദിവസമായി ഈ സ്ഥിതി തുടരുന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നമ്പറിലേക്ക് വിളിക്കുമ്പോൾ പരിധിക്ക് പുറത്ത് അല്ലെങ്കിൽ സ്വിച്ച്ഓഫ് ആയിരിക്കും. ആശങ്കയോടെ പലരും പുലർച്ചെ ഉൾപ്പെടെ പല സമയങ്ങളിലായി വിളിച്ചുനോക്കിയെങ്കിലും അവസ്ഥ ഇതുതന്നെയാണ്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണക്കപ്പലുകൾക്ക് ഇന്ത്യയിലേക്ക് എത്താൻ സാധിക്കുന്നില്ല. ഇത് പാചകവാതക വിതരണം പ്രതിസന്ധിയിലാക്കാം എന്ന ആശങ്ക ഉയരുന്നതിനിടെയാണ് ഈ സംഭവം. യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്ഷാമം വരാതിരിക്കാൻ മുൻകൂട്ടി ഗ്യാസ് സിലിണ്ടർ വാങ്ങിവയ്ക്കാം എന്ന് കരുതിയിരുന്നതായി ഉപഭോക്താക്കൾ പറയുന്നു. നിലവിലെ സാഹചര്യം വലിയ ആശങ്ക ഉയർത്തുന്നതായും അവർ പറയുന്നു.എന്നാൽ, പാചകവാതകത്തിന്റെ കാര്യത്തിൽ പരിഭ്രാന്തി ആവശ്യമില്ലെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചത്. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിംഗ് നടത്തരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു. വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ചെറിയ നിയന്ത്രണങ്ങൾ ബുക്കിംഗിൽ ഏർപ്പെടുത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ട്. ദിവസേന 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.
Source link



