ഗുരുവായൂരില്‍ ‘ഹിന്ദു എംഎല്‍എ’ പരാമര്‍ശം, ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

തൃശൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുരുവായൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്. മണ്ഡലത്തില്‍ ഹിന്ദു ജനപ്രതിനിധിയുണ്ടാകണമെന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ലഭിച്ച പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ ഖേല്‍ക്കറുടെ നിര്‍ദേശപ്രകാരമാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ കേസെടുത്തത്. വിവാദമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സ്ഥാനാര്‍ത്ഥികള്‍ ജാതിയുടെ പേര് പറഞ്ഞോ മതത്തിന്റെയോ സമുദായത്തിന്റെയോ പേരിലുള്ള വികാരങ്ങള്‍ ഉപയോഗിച്ചോ വോട്ട് തേടാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഗോപാലകൃഷ്ണന് ലംഘിച്ചുവെന്ന കണ്ടെത്തലിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശമുണ്ടായത്.ആരാധനാലയങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബി ഗോപാലകൃഷ്ണന് ലംഘിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഗോപാലകൃഷ്ണന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേസ് തടസ്സമല്ല.
Source link



