LATEST

ക്രൈസ്തവരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തിക്കളയാമെന്ന തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട: രമേശ് ചെന്നിത്തല


തിരുവനന്തപുരം: കത്തോലിക്കാ മുഖപത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് നിർഭാഗ്യകരമാണ്. ബിജെപി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ക്രിസ്തുമസ് കാലത്ത് കേക്ക് കൊണ്ടുപോയി കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേർന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. കേരളത്തിൽ ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട. ഇത് ജനങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേരളത്തിലെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം ഭീഷണികളെ ചെറുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്തുനിന്ന് പൊട്ടിവീണതല്ല. അവർക്കൊക്കെ അവരുടെ അഭിപ്രായങ്ങൾ പറയാനും അവരുടെ വിശ്വാസികളെ നേർവഴിക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തമുള്ളവർ തന്നെയാണ്. ബിജെപി ഭീഷണി കൊണ്ട് അവരെ വരുതിക്ക് നിർത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ വേണ്ട എന്നാണ് പറയാനുള്ളത്. ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവർക്കും അവരുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാനുള്ള അധികാരവുമുണ്ട്.


Source link

Back to top button