കോൺഗ്രസ് രണ്ടാം പട്ടിക വരാതിരിക്കില്ല!

ന്യൂഡൽഹി: ഒറ്റപ്പേരുകളിലെത്താൻ കഴിയാതെ കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്നലെ രാത്രി വൈകിയും പുറത്തുവന്നില്ല. ഡൽഹിയിൽ തുടരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം ഇന്ന് പട്ടിക പ്രഖ്യാപിച്ചേക്കും. എം.പിമാരായ കെ.സുധാകരനും അടൂർ പ്രകാശിനും മത്സരിക്കാൻ ഇളവു നൽകുമെന്നും അവർ ആവശ്യപ്പെട്ട കണ്ണൂരും കോന്നിയും ഒഴിച്ചിടുമെന്നും സൂചനയുണ്ട്.ചൊവ്വാഴ്ച സിറ്റിംഗ് എം.എൽ.എമാർ അടക്കം 55 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റിൽ മൂന്ന് സ്വതന്ത്രരെ പിന്തുണയ്ക്കുന്നവ ഒഴികെ 37 സീറ്റുകളാണ് ബാക്കിയുള്ളത്.കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരൻ എംപിയെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരിട്ട് നടത്തിയ നീക്കങ്ങളും ഇന്നലെ ഫലം കണ്ടില്ല. മത്സരിക്കുന്നതിന്റെ മുന്നോടിയായി സുധാകരൻ കേരളാ ഹൗസിൽ നിന്ന് ബാധ്യതാ രഹിത സർട്ടിഫിക്കറ്റും വാങ്ങി. അടൂർ പ്രകാശ് എം.പിയും പരോക്ഷ സമ്മർദ്ദം തുടർന്നു. ഇവരെ അവഗണിക്കുന്നത് സമുദായ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഇളവു നൽകുന്നതെന്നാണ് പറയപ്പെടുന്നത്.
Source link



