കോന്നി മെഡിക്കൽ കോളേജിലെ നോട്ടീസ് വിവാദം; മൂന്നാഴ്ച മുൻപേ ഡോക്ടർ അപര്യാപ്തതകൾ അറിയിച്ചെന്ന് വിവരം

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ പരാമർശിച്ചുള്ള നോട്ടീസ് പതിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ശിവപ്രസാദ് ആശുപത്രിയിലെ അപര്യാപ്തതകൾ മൂന്നാഴ്ച മുൻപേ അറിയിച്ചിട്ടും ആരോഗ്യവകുപ്പ് അവഗണിച്ചെന്നാണ് വിവരം. സർജറി ഒപിയിൽ പതിച്ച നോട്ടീസിലെ അതേ കാര്യങ്ങളാണ് ഡോക്ടര്‍ അക്കമിട്ട് നിരത്തിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വഴി ആശുപത്രി യോഗത്തിലും പോരായ്മകൾ ചർച്ചയാക്കിയിരുന്നു. എന്നാൽ, വകുപ്പ് മേധാവി എന്ന നിലയിൽ ശിവപ്രസാദിന് ഇത്തരം കാര്യങ്ങൾ പറയാൻ അധികാരമില്ലെന്ന് ഡിഎംഇ നിലപാട് എടുക്കുകയായിരുന്നു. ഡോക്ടർ എല്ലാം നേരത്തെ അറിയിച്ചിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം, സംഭവത്തിൽ ശിവപ്രസാദിനെതിരെ നടപടിയെടുത്തേക്കുമെന്നാണ് സുചന. ഇന്നലെ ആശുപത്രിയിൽ ജോലിക്കെത്തിയ ശിവപ്രസാദ് അഞ്ച് ശസ്ത്രക്രിയകൾ നടത്തി. നോട്ടീസ് പതിച്ചതിനു വിശദീകരണം ചോദിച്ചുള്ള പ്രിൻസിപ്പലിന്റെ കത്ത് ഡോക്ടർ കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഇ- മെയിലിൽ കത്തയക്കുകയായിരുന്നു. അവധിയിലായിരുന്ന ഡോക്ടർ ഇന്നലെയാണ് വീണ്ടും ജോലിക്കെത്തിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ജീവനക്കാരായിരുന്നു സർജറി വിഭാഗത്തിനു മുന്നിൽ കഴിഞ്ഞദിവസം നോട്ടീസ് പതിച്ചത്.നേരത്തെ ശസ്ത്രക്രിയ നടത്തിയ പതിനാലുകാരന്റെ കൈ വളഞ്ഞതിനെ തുടർന്ന് പൊലീസ് അന്വേഷണം നേരിടുന്ന ഡോക്ടർ വി.ആർ.എസിന് അപേക്ഷിച്ചിരുന്നു. തുടർന്നാണ് അവധിയിൽ പോയത്. ഇന്നലെ ഡോക്ടർ പ്രതികരിക്കാൻ തയ്യാറായില്ല. ശസ്ത്രക്രിയയ്‌ക്കെത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തത മനസിലാക്കണമെന്നാണ് നോട്ടീസ്.
Source link



