കൊറിയർ അയയ്ക്കാൻ അച്ഛനെ ചാക്കിലാക്കി, യുവതി അറസ്റ്റിൽ

ബംഗളൂരു: ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയർ ഓഫീസിലെത്തി. ചാക്ക് പാഴ്സൽ ചെയ്യണമെന്നും കൊറിയർ അയയ്ക്കാനാണെന്നും പറഞ്ഞു. എന്നാൽ എന്താണ് ചാക്കിനുള്ളിൽ എന്ന് വ്യക്തമാക്കിയില്ല. സംശയം തോന്നി പാഴ്സൽ തുറന്ന ജീവനക്കാർ ഞെട്ടി. പ്രായമായ ഒരാൾ ശ്വസിക്കാൻ ബുദ്ധിമുട്ടി ചാക്കിലിരിക്കുന്നു. ജീവനക്കാർ പൊലീസിലറിയിച്ചു. പിന്നാലെ കുടുംബം അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ റീലുണ്ടാക്കാനാണ് ചെയ്തതെന്നാണ് വിശദീകരണം. റീലിന് വേണ്ടി യുവതി സ്വന്തം അച്ഛനെ തന്നെ ചാക്കിലാക്കാൻ തീരുമാനിക്കുകയായിരുന്നു. അച്ഛനും ഭർത്താവും ഭർതൃമാതാവും സഹോദരി ഭർത്താവും ചേർന്ന് പ്ലാൻ ചെയ്തു. ഉഗാദി, റംസാൻ സീസണുകളിൽ ബസ് ടിക്കറ്റുകൾ കിട്ടാതാകുന്നതിനെക്കുറിച്ച് റീൽ ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് യുവതി പറയുന്നു. ഒരാളെ കൊറിയർ വഴി അയയ്ക്കുക മാത്രമാണ് യാത്രയ്ക്ക് അവശേഷിക്കുന്ന ഏക മാർഗമെന്ന് കാണിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു. കർശന മുന്നറിയിപ്പ് നൽകിയ പൊലീസ്, കുടുംബത്തിന്റെ ക്ഷമാപണ വീഡിയോ എടുത്തശേഷം വിട്ടയച്ചു.
Source link



