കേരളം 2026: പരിചിതമായ ഇരുമുന്നണി രാഷ്ട്രീയത്തിനപ്പുറം

ഏപ്രിൽ ഒൻപതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുമ്പോൾ രാഷ്ട്രീയചിത്രം ഏറെക്കുറെ പരിചിതമാണ്. 2.71 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 85 ശതമാനം പോളിംഗ് ഉറപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ക്ഷേമപദ്ധതികളുടെ പിൻബലത്തിൽ ഭരണത്തുടർച്ചയ്ക്കായി എൽ ഡി എഫ് ശ്രമിക്കുമ്പോൾ, ഭരണവിരുദ്ധ വികാരത്തിലാണ് യു ഡി എഫിന്റെ പ്രതീക്ഷ. അതേസമയം, മികച്ച നേതൃത്വത്തിലും വികസനത്തിലും ഊന്നൽ നൽകി എൻ ഡി എ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു.എന്നാൽ ഈ പതിവ് മത്സരങ്ങൾക്കപ്പുറം വലിയൊരു ചോദ്യം അവശേഷിക്കുന്നുണ്ട്; കേരളത്തിന്റെ കാലാകാലങ്ങളായുള്ള ഇരുമുന്നണി രാഷ്ട്രീയം സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടോ? പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച മുന്നണികൾ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 95 ശതമാനത്തിലധികമുള്ള സാക്ഷരതാ നിരക്കും മികച്ച മാനവശേഷി വികസനവും ഇതിന് ഉദാഹരണമാണ്. എന്നാൽ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണ്. വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തമ്മിലും, മാനവശേഷിയും പ്രാദേശിക തൊഴിൽലഭ്യതയും തമ്മിലുമുള്ള വലിയ അന്തരമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. യുവജനങ്ങളിലെ തൊഴിലില്ലായ്മയാണ് ഇതിൽ ഏറ്റവും പ്രധാനം.2023 ജൂലായ് മുതൽ 2024 ജൂൺ വരെയുള്ള പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) പ്രകാരം, 15-29 പ്രായക്കാരിൽ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് 29.9 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 10 ശതമാനത്തിന്റെ മൂന്നിരട്ടിയോളമാണ്. ലിംഗാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഈ അന്തരം കൂടുതൽ വ്യക്തമാകും: യുവാക്കളിൽ ഇത് 19.3 ശതമാനമാണെങ്കിൽ യുവതികളിൽ 47.1 ശതമാനമാണ്. ഗ്രാമീണ മേഖലയിലാകട്ടെ യുവജനങ്ങളിലെ തൊഴിലില്ലായ്മ 35.1 ശതമാനത്തിലെത്തി നിൽക്കുന്നു. ഇതൊരു ചെറിയ വ്യതിയാനമല്ല, മറിച്ച് ഉയർന്ന വിദ്യാഭ്യാസം നേടിയവരെ ഉൾക്കൊള്ളാൻ കഴിയാത്ത വ്യവസ്ഥിതിയുടെ പരാജയമാണ്.
Source link



