കുടുംബം പോറ്റാൻ അച്ചാർ വില്പനയ്ക്കിറങ്ങിയ 13കാരൻ; ഇന്ന് സ്വന്തമായി ബ്രാൻഡ്, പണമെണ്ണി റീലിലൂടെ ഹിറ്റായ എട്ടാംക്ളാസുകാരൻ

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഉബൈദ് നോട്ടുകൾ എണ്ണാൻ കൊടുക്കുന്നതിന്റെ വീഡിയോകൾ വൈറലാണ്. അത്തരമൊരു വീഡിയോയിൽ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയ ഒരു കൊച്ചുകുട്ടിയുണ്ട്, കാസർകോടുകാരനായ മുഹമ്മദ് ബദറുദ്ദീൻ. രാത്രി തിരക്കേറിയ റോഡിൽ സ്കൂൾ ബാഗും തൂക്കി അച്ചാർ വില്പന നടത്തുന്നതിനിടയിലാണ് ബദറുദ്ദീനെ ഉബൈദ് കാണുന്നത്. എന്തുവേണമെന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ടെന്ന് അവൻ പറഞ്ഞു. നോട്ടുകൾ എണ്ണാൻ നൽകിയപ്പോൾ 19,600 രൂപയാണ് 13കാരൻ എണ്ണിയെടുത്തത്. അസുഖബാധിതയായ ഉമ്മയെ സഹായിക്കാനാണ് ബദറുദ്ദീൻ വഴിയോരക്കച്ചവടത്തിനിറങ്ങിയത്. ഇന്നിപ്പോൾ സ്വന്തം പേരിൽ അച്ചാർ ബ്രാൻഡ് തന്നെ തുടങ്ങിയിരിക്കുകയാണ് ഈ എട്ടാം ക്ളാസുകാരൻ. കാസർകോട് ബോവിക്കാനം സ്വദേശിയാണ് മുഹമ്മദ് ബദറുദ്ദീൻ. ബോവിക്കാനം എയുപിഎസ് സ്കൂൾ വിദ്യാർത്ഥി. എൻഡോസൾഫാൻ ഇരയാണ് ബദറുദ്ദീന്റെ ഉമ്മ ബീഫാത്തിമ. ജന്മനാ നടക്കാൻ കഴിയാത്തയാളാണ്. രണ്ട് സഹോദരിമാരാണ് ബദറുദ്ദീനുള്ളത്. ഒരു സഹോദരി ഖദീജാത്ത് ഷഫ്നാസ് വിവാഹിതയും മറ്റൊരു സഹോദരി ആയിഷാത്ത് ശബ്ന പ്ളസ് ടു വിദ്യാർത്ഥിനിയും. പിതാവ് ഓട്ടോറിക്ഷ ഡ്രൈവർ ആണെങ്കിലും നിലവിൽ സർവീസ് നടത്തുന്നില്ല. അച്ചാർ വില്പന മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം.
Source link


