NATIIONAL
കഴിവിന് അനുസരിച്ചുള്ള പണം ഇന്ത്യയിൽ കിട്ടുന്നില്ല: ഐപിഎൽ വിട്ടതിന് കാരണം പറഞ്ഞ് ഓസീസ് സ്പിന്നര്‍, ഇപ്പോൾ കളിക്കുന്നത് പാക്കിസ്ഥാനിൽ!

ലഹോർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് റജിസ്റ്റർ പോലും ചെയ്യാതെ, പാക്കിസ്ഥാൻ സൂപ്പർ ലീഗ് കളിക്കാൻ പോയത് എന്തുകൊണ്ടെന്നതിന് കാരണങ്ങൾ നിരത്തി ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ. 2025 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന ഓസീസ് സ്പിന്നറെ ടീം റിലീസ് ചെയ്തിരുന്നു. തുടർന്നു നടന്ന താരലേലത്തിൽ സാംപ റജിസ്റ്റർ ചെയ്തുമില്ല. എന്നാൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സ് ടീമിൽ കളിക്കാൻ താരം തീരുമാനിക്കുകയായിരുന്നു. തന്റെ കഴിവിന് അനുസരിച്ചുള്ള തുക ഐപിഎലിൽനിന്നു ലഭിക്കുന്നില്ലെന്ന് സാംപ തുറന്നുപറഞ്ഞു.ഐപിഎലില്‍ 22 മത്സരങ്ങൾ കളിച്ചിട്ടുള്ള ആദം സാംപ 31 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2016ൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സിലാണ് താരത്തിന്റെ ഐപിഎൽ അരങ്ങേറ്റം. പിന്നീട് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലും രാജസ്ഥാൻ റോയല്‍സിലും ഇറങ്ങിയെങ്കിലും ഒരു സീസണിൽ ആറു മത്സരത്തിനപ്പുറം താരത്തിന് അവസരം ലഭിച്ചില്ല. 2026 പിഎസ്എലിൽ 4.5 കോടി പാക്കിസ്ഥാനി രൂപയാണ് (ഇന്ത്യൻ രൂപയിൽ 1.51 കോടി) താരത്തിനു പ്രതിഫലമായി ലഭിക്കുന്നത്. താരം അവസാനം ഐപിഎൽ കളിച്ചപ്പോൾ 2.40 കോടി രൂപയായിരുന്നു പ്രതിഫലം.
Source link


