ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ആരോഗ്യപ്രശ്നം, നൽകിയത് അക്യുപങ്ചർ ചികിത്സ: 37കാരി മരിച്ചു

തൃശൂർ: പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് യുവതി മരണപ്പെട്ടു. തൃശൂർ ചാവക്കാട് സ്വദേശിനിയായ മുഹ്സിന (37) ആണ് ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരണപ്പെട്ടത്. ജനുവരിയിൽ തന്റെ ഏഴാമത്തെ കുഞ്ഞിന് മുഹ്സിന ജന്മം നൽകിയിരുന്നു. എന്നാൽ പ്രസവിച്ച് ആറാം ദിവസം കുഞ്ഞ് മരണപ്പെട്ടു. ഇതിന് പിന്നാലെയാണ് മുഹ്സിനയുടെയും മരണം സംഭവിച്ചിരിക്കുന്നത്.മുഹ്സിനയുടെ മരണത്തിൽ ഭർത്താവ് ഇബ്രാഹിമിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉയർത്തുന്നത്. മുഹ്സിനയുടെ ശരീരത്തിൽ മുറിവുകളുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തിട്ടും അലോപ്പതി ചികിത്സ നൽകാൻ ഭർത്താവ് തയ്യാറായില്ലെന്നും പകരം അക്യുപങ്ചർ ചികിത്സയാണ് നൽകിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ മുഹ്സിനയെ ഭർത്താവ് അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പിതാവും സഹോദരിയും മുഹ്സിനയുടെ ദയനീയാവസ്ഥ കണ്ടതിനെത്തുടർന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സ ഫലിക്കാതെ മുഹ്സിന മരണത്തിന് കീഴടങ്ങുകയായിരുന്നു. മുഹ്സിനയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link



