എയർ ഇന്ത്യക്ക് പറ്റിയ അബദ്ധം , അക്കിടി പറ്റിയത് മനസിലായത് ചൈനീസ് വ്യോമാതിർത്തിയിൽ വച്ച്, കാനഡയിലേക്ക് പോയ വിമാനം തിരിച്ചുവിളിച്ചു

ന്യൂഡൽഹി: കാനഡയിൽ പ്രവേശനാനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തിൽ അങ്ങോട്ടയച്ച എയർ ഇന്ത്യക്ക് പറ്റിയത് വൻസാമ്പത്തിക നഷ്ടം. ഡൽഹിയിൽ നിന്ന് പുറപ്പെട്ട് നാലുമണിക്കൂറിലധികം പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങിയത്. ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിംഗിനടുത്ത് എത്തിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. ഉടൻ വിമാനം ഡൽഹിയിലേക്ക് ’യൂടേണ’ടിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് തിരികെ പറന്ന് ഡൽഹിയിൽ ലാൻഡ് ചെയ്തു. അങ്ങോട്ടുമിങ്ങോട്ടുമായി വിമാനം പറന്നത് ഒൻപത് മണിക്കൂറോളം.വ്യാഴാഴ്ചയായിരുന്നു സംഭവം.എയർഇന്ത്യയുടെ ബോയിംഗ് 777- 300 ഇ.ആർ ശ്രേണിയിലുള്ള വിമാനങ്ങൾക്കാണ് രാജ്യത്തുനിന്ന് കാനഡയിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ളത്. എന്നാൽ, അനുമതിയില്ലാത്ത ബോയിംഗ് 777-200 എൽ.ആർ വിമാനമാണ് 185 യാത്രക്കാരുമായി കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിലേക്ക് പറന്നത്. വ്യാഴാഴ്ച രാവിലെ 11.34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം രാത്രി 7.19നാണ് തിരികെ ലാൻഡ് ചെയ്തത്. യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തി. ഇന്ന് രാവിലെ അനുമതിയുള്ള ബോയിംഗ് 777- 300 ഇ.ആർ വിമാനത്തിൽ യാത്രക്കാരെ വാൻകൂവറിലേക്ക് അയച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
Source link



