NATIIONAL
‘എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല, മനസ്സിലായല്ലോ?’: പിഎസ്എലിലെ വിദേശതാരങ്ങൾക്ക് പാക്ക് താലിബാന്റെ ഭീഷണി

ലഹോർ ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യഘട്ട മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും നടത്തുകയെന്നും കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കറാച്ചിയും ലഹോറും മാത്രമായിരിക്കും വേദികൾ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് പിസിബി ചെയർമാൻ മുഹ്സിൻ നഖ്വി പറഞ്ഞത്. എന്നാൽ ഇതു മാത്രമല്ല കാരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. പിഎസ്എലിൽനിന്നു പിന്മാറിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു വിദേശതാരങ്ങൾക്കെതിരെ ഭീഷണി മുഴുക്കിയിരിക്കുകയാണ് ഒരു പാക്കിസ്ഥാൻ സംഘടന. ഒരു കായിക വിനോദമെന്ന നിലയിൽ തങ്ങൾ ക്രിക്കറ്റിന് വിരുദ്ധമല്ലെന്നും എന്നാൽ രാജ്യാന്തര താരങ്ങൾ പങ്കെടുക്കുന്ന ഒരു ടൂർണമെന്റ് സംഘടിപ്പിക്കാൻ പാക്കിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യം അനുയോജ്യമല്ലെന്നും ഗ്രൂപ്പ് വാദിച്ചു. ‘‘ക്രിക്കറ്റ് ബോർഡുകളോട് അവരുടെ കളിക്കാരെ പാക്കിസ്ഥാനിലേക്ക് അയയ്ക്കരുതെന്ന് ഞങ്ങൾ ഉപദേശിക്കുന്നു. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ഞങ്ങളുടെ ഉത്തരവാദിത്തമായിരിക്കില്ല. ഞങ്ങൾ ഇതിനകം ഞങ്ങളുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.’’– ജമാഅത്തുൽ അഹ്റാർ കമാൻഡർ ദ് സൺഡേ ഗാർഡിയനോട് പറഞ്ഞു. കളിക്കാർ മുന്നറിയിപ്പ് അവഗണിച്ചാൽ ഗ്രൂപ്പ് എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചപ്പോൾ കമാൻഡറുടെ പ്രതികരണം ഇങ്ങനെ: ‘‘ഞങ്ങളുടെ ശേഷി അനുസരിച്ച് ഞങ്ങൾ ചെയ്യും, പക്ഷേ മത്സരങ്ങൾ നടക്കാൻ ഞങ്ങൾ അനുവദിക്കില്ല. ടൂർണമെന്റ് തടസ്സപ്പെടുമെന്നും കളിക്കാർ മൈതാനത്തിറങ്ങില്ലെന്നും ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.’’∙ പിന്മാറാൻ ബംഗ്ലദേശും?
പിഎസ്ലിന്റെ സുരക്ഷയിൽ ആശങ്ക ഉടലെടുത്തതോടെ ലീഗിൽ ബംഗ്ലദേശിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. താരങ്ങളുടെ സുരക്ഷയ്ക്കായിരിക്കും മുൻഗണന നൽകുന്നതെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡുമായുള്ള (ബിസിബി) അവലോകന യോഗത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ബംഗ്ലദേശ് യുവജന കായിക സഹമന്ത്രി അമിനുൽ ഹഖ് പറഞ്ഞു.
Source link



