എച്ച്-1ബി വിസ നിയമങ്ങൾ മാറും: ബാധിക്കുക ഈ മൂന്ന് വിഭാഗങ്ങളെ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ആയി ചുമതലയേറ്റതിന് ശേഷം ട്രംപ് എടുത്ത തീരുമാനങ്ങളെല്ലാം മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ താമസിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയുണ്ടാക്കുന്നവയായിരുന്നു. അതിൽ ഒന്നാണ് എച്ച1-ബി വിസാ നിയമം. പുതുതായി അപേക്ഷിക്കുന്നവർ, വിദേശ കമ്പനികൾ, രേഖകളിൽ വ്യക്തതയില്ലാത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെയാണ് എച്ച്1-ബി വിസ നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ ബാധിക്കാൻ സാധ്യതയുള്ളത്.
ഇപ്പൊഴിതാ യുഎസ് സ്വപ്നം കാണുന്ന പ്രവാസികൾക്കും ഉദ്യോഗാർത്ഥികൾക്കും നിർണായക വിവരങ്ങളാണ് എച്ച്1-ബി വിസയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് നടപ്പിലാക്കുന്ന പുതിയ നിയമപരിഷ്കാരങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. അപേക്ഷിക്കേണ്ട രീതി മുതൽ സെലക്ഷൻ മാനദണ്ഡങ്ങളിൽ വരെ വന്നിരിക്കുന്ന മാറ്റങ്ങൾ വരും വർഷങ്ങളിൽ വിസ നടപടികൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ I-129 എന്ന ഏറ്റവും പുതിയ പതിപ്പ് മാത്രമേ സ്വീകരിക്കുകയുള്ളൂ. പഴയ ഫോമുകൾ ഉപയോഗിച്ച് സമർപ്പിക്കുന്ന അപേക്ഷകൾ നേരിട്ട് നിരസിക്കപ്പെടും. പുതിയ ഫോമിൽ ജോലിയെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും കൂടുതൽ വിശദമായിട്ടുള്ള വിവരങ്ങൾ നൽകേണ്ടതുണ്ട്.
പഴയ രീതിയിലുള്ള ഭാഗ്യ പരീക്ഷണത്തിന് പകരം ഇനി മുതൽ വേതനാധിഷ്ഠിത സെലക്ഷൻ രീതിയാകും നിലവിൽ വരിക. അതായത്, കൂടുതൽ ശമ്പളമുള്ള തസ്തികകളിലേക്കും ഉയർന്ന വൈദഗ്ധ്യമുള്ളവർക്കും വിസ ലഭിക്കാൻ മുൻഗണന ലഭിക്കും.
ചില പ്രത്യേക സാഹചര്യങ്ങളിൽ അപേക്ഷകർക്ക് 1,00,000 ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ഫീസ് നൽകേി വരും. അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് ഇത് വലിയ ബാധ്യതയായിട്ടാരിക്കും മാറുക. എന്നാൽ നിലവിൽ യുഎസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് വിസകളിലുള്ളവർക്കും ഇതിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്.
മാർച്ച് മുതലാണ് പ്രീമിയം പ്രോസസ്സിംഗ് ഫീസിൽ വർദ്ധനവ് ഉണ്ടായത്. ഓരോ അപേക്ഷയിലും ജോലി സംബന്ധമായ വിവരങ്ങൾ കൂടുതൽ കർശനമായി പരിശോധിക്കും. പുതിയ നിയമങ്ങൾ വരുന്നതോടെ വിസ നടപടികൾ കൂടുതൽ ചിലവേറിയതും മത്സരബുദ്ധിയുള്ളതുമായി മാറും. അതിനാൽ മികച്ച പ്രൊഫൈലുകൾ തയാറാക്കാനും കൂടുതൽ ശമ്പളമുള്ള ജോലികൾ കണ്ടെത്താനും അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അമേരിക്കൻ തൊഴിൽ വിപണിയിൽ വിദേശ തൊഴിലാളികൾക്ക് പകരം സ്വദേശികൾക്ക് (അമേരിക്കക്കാർക്ക്) കൂടുതൽ മുൻഗണന നൽകണം എന്ന ‘അമേരിക്ക ഫസ്റ്റ്’ നയമാണ് എച്ച്1-ബി വിസ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിന് പിന്നിലെ പ്രധാന പ്രേരണ.
കുറഞ്ഞ വേതനത്തിന് വിദേശികളെ നിയമിക്കുന്നത് വഴി അമേരിക്കൻ പൗരന്മാർക്ക് ജോലി നഷ്ടപ്പെടുന്നത് തടയുക, കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ കൊണ്ടുവരുന്ന കമ്പനികളെ നിർത്തലാക്കാനും, പകരം ഉയർന്ന ശമ്പളം നൽകി ഏറ്റവും മിടുക്കരായ പ്രതിഭകളെ മാത്രം ആകർഷിക്കാമെന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Source link


