ഈ ജില്ലക്കാർ സൂക്ഷിക്കുക, അൾട്രാ വയലറ്റ് സൂചിക ഒൻപത്; നേത്രരോഗങ്ങൾവരെ ബാധിക്കാം

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ അൾട്രാ വയലറ്റ് (യുവി) സൂചിക ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കൊല്ലത്തെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശേരി, ഇടുക്കിയിലെ മൂന്നാർ, പാലക്കാട്ടെ തൃത്താല എന്നിവിടങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചികയുള്ളത്. കോന്നിയിൽ ഒൻപതാണ് യുവി നിരക്ക്. ബാക്കിയുള്ളയിടങ്ങളിൽ എട്ടും. അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
Source link



