test del 2

ഇസ്രയേലിലെ റിഫൈനറിയിൽ തീപ്പിടിത്തം, ഇറാഖിന്റെ യുദ്ധവിമാനം തകർന്നു; ഹിസ്ബുള്ള കേന്ദ്രങ്ങളിലും ആക്രമണം


ടെൽ അവീവ്/ടെഹ്‌റാൻ: ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഇറാൻ. തിങ്കളാഴ്ച ഹൈഫയിലെ എണ്ണശുദ്ധീകരണ ശാല ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. ഇസ്രയേലിന്റെ ഊർജമേഖലയിലെ പ്രധാനപ്പെട്ട സംവിധാനമായ ഹൈഫയിലെ ബസാൻ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരേയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെട്ടു. ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപ്പിടിത്തമുണ്ടായി വലിയതോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മിസൈൽ പ്രതിരോധിച്ചതിന് പിന്നാലെ ഇതിന്റെ അവശിഷ്ടങ്ങൾ വീണാണ് എണ്ണ ശുദ്ധീകരണ ശാലയിൽ തീപ്പിടിത്തമുണ്ടായതെന്നാണ് ഇസ്രയേൽ അഗ്നിരക്ഷാസേനയുടെ വിശദീകരണം. ഒരു ഇന്ധനടാങ്കിനും ഒരു കെട്ടിടത്തിനും തീപ്പിടിച്ചതായും ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണം നടത്തിയതെന്ന് തങ്ങളാണെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാൻ ആണോ അതോ ഹിസ്ബുള്ളയാണോ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് മിസൈൽ പ്രയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.അതിനിടെ, ഇറാഖിലെ മുഹമ്മദ് ആല വ്യോമത്താവളത്തിന് നേരേ മിസൈൽ ആക്രമണമുണ്ടായതായി ഇറാഖ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇറാഖി വ്യോമസേനയുടെ വിമാനം തകർന്നതായും ആളപായമില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികകേന്ദ്രങ്ങൾക്ക് നേരേയുള്ള ആക്രമണം കുറ്റകരമായ പ്രവൃത്തിയാണെന്നും ഇറാഖ് പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി.തിങ്കളാഴ്ച ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും കനത്ത വ്യോമാക്രമണം നടത്തി. ബെയ്‌റൂത്തിലെ ഹിസ്ബുള്ള കേന്ദ്രം തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ലെബനനിൽ ആറ് ഇസ്രയേൽ സൈനികർക്ക് പരിക്കേറ്റതായും ഇസ്രയേൽ സ്ഥിരീകരിച്ചു.


Source link

Back to top button