‘ഇതൊന്നും ഒട്ടും ശരിയായ കാര്യമല്ല, ബംഗ്ലാദേശ് നായകൻ കാണിച്ചതുപോലെ ആരും ആവർത്തിക്കരുത്’, യുവതാരങ്ങളോട് മുൻ ഇന്ത്യൻ താരം

ധാക്ക: കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ പാക് താരം സൽമാൻ അലി ആഗയെ ബംഗ്ലാദേശ് നായകൻ മെഹ്ദി ഹസൻ റൺ ഔട്ടാക്കിയതിനെ ചതിയെന്നായിരുന്നു പാക് ആരാധകർ വിശേഷിപ്പിച്ചത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേർന്നതല്ല ബംഗ്ലാ ക്യാപ്ടന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും വിമർശനം ഉയർന്നിരുന്നു. 64 റൺസെടുത്ത് ബാറ്റ് ചെയ്യുന്നതിനിടെയാണ് സൽമാൻ റൺ ഔട്ടിൽ പുറത്തായത്.ഇപ്പോഴിതാ മെഹ്ദിയിൽ നിന്നും ഉണ്ടായ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കെയിഫ്.’ഇതൊന്നും ഒട്ടും ശരിയായ കാര്യമല്ല. വിക്കറ്റ് കിട്ടാൻ എത്ര വലിയ ആവേശമുണ്ടെങ്കിലും ഇങ്ങനെയൊരു റൺ ഔട്ടിനെ ന്യായീകരിക്കാൻ കഴിയില്ല. അത് ചെയ്തതാകട്ടെ ടീമിനെ നയിക്കുന്ന ക്യാപ്ടനും. ഒരു കാര്യം യുവതാരങ്ങൾ ഓർക്കുക, ലോകകപ്പ് ഫൈനൽ പോലൊരു നിർണായക മത്സരമാണെങ്കിൽ പോലും ബംഗ്ലാദേശ് നായകൻ കാണിച്ച പ്രവൃത്തി ആരും ആവർത്തിക്കരുത്. മാന്യതയില്ലാത്ത ഒരു കളിയും കായിക വിനോദമെന്ന് പറയാൻ പറ്റില്ല’ കെയിഫ് എക്സിൽ കുറിച്ചു.
Source link



