ആശ്വാസം അകലെ സ്തംഭിച്ച് പശ്ചിമേഷ്യ സംഘർഷം രൂക്ഷം, വിട്ടുവീഴ്ചയില്ലാതെ ഇറാൻ ആക്രമണ ഭീതിയിൽ ബാങ്കുകൾ

ടെഹ്റാൻ: യു.എസും ഇസ്രയേലും ആക്രമണം തീവ്രമാക്കിയിട്ടും വിട്ടുവീഴ്ചയ്ക്കില്ലാതെ പശ്ചിമേഷ്യയേയും ഹോർമുസ് കടലിടുക്കിനേയും സ്തംഭിപ്പിച്ച് ഇറാൻ തിരിച്ചടി തുടരുന്നു. ഹോർമുസിൽ ഇന്നലെ ഇന്ത്യയിലേക്ക് വന്നതടക്കം മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടു. ആക്രമണം തുടർന്നാൽ ഹോർമുസിലൂടെ ഒരു തുള്ളി എണ്ണ കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് വെല്ലുവിളിച്ചതിനു പിന്നാലെയാണിത്. ആഗോളതലത്തിൽ ഊർജ്ജ വിതരണം താറുമാറായിരിക്കുകയാണ്. നിലവിൽ സംഘർഷം അയയുന്നതിന്റെ യാതൊരു ലക്ഷണങ്ങളൊന്നുമില്ല.ഇതിനിടെ, തലസ്ഥാനമായ ടെഹ്റാനിൽ സെപാ ബാങ്കിന്റെ ഓഫീസുകൾക്ക് ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി വ്യോമാക്രമണമുണ്ടായത് ഇറാനെ ചൊടിപ്പിച്ചു. ഇസ്രയേലും യു.എസുമായും ബന്ധമുള്ള സാമ്പത്തിക, ബാങ്കിംഗ് കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ ജനങ്ങൾ ബാങ്കുകളിൽ നിന്ന് 1,000 മീറ്റർ അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. അതേ സമയം, ഹോർമുസ് മേഖലയിൽ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഇറാന്റെ 16 കപ്പലുകളെ തകർത്തെന്ന് യു.എസ് അറിയിച്ചു. ഹോർമുസിലൂടെയുള്ള ഊർജ്ജ നീക്കം തടസ്സപ്പെടുത്തിയാൽ ഇതുവരെ കാണാത്ത തീവ്രതയിലെ പ്രത്യാഘാതങ്ങൾ ഇറാൻ കാണേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
Source link



