ആരും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകി ഇറാൻ; 4000 കിലോമീറ്റർ അപ്പുറമുള്ള യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം

ടെഹ്റാൻ: ലോകം വിലയിരുത്തിയതിനെക്കാൾ ശക്തമായ മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്ന് തെളിയിച്ച് പുതിയ ആക്രമണം. ഇന്ത്യൻ സമുദ്രത്തിന്റെ നടുവിലുള്ള യുഎസ്- യുകെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യയിൽ ഇറാൻ രണ്ട് മദ്ധ്യദൂര ബാലിസ്റ്റിക് മിസൈൽ (ഐആർബിഎം) വർഷിച്ചതായാണ് റിപ്പോർട്ട്.ഇറാൻ ആദ്യമായാണ് ഐആർബിഎം ആക്രമണത്തിനായി ഉപയോഗിക്കുന്നത്. മിഡിൽ ഈസ്റ്റിനും അപ്പുറമുള്ള പ്രദേശങ്ങൾ ഇറാൻ ലക്ഷ്യം വയ്ക്കുന്നതും ഇതാദ്യമായാണ്. ഇറാൻ അതിർത്തിയിൽ നിന്ന് 4000 കിലോമീറ്ററുകളാണ് സൈനിക താവളത്തിലേയ്ക്കുള്ള ദൂരം. എന്നാൽ മിസൈലുകൾ സൈനിക കേന്ദ്രത്തിൽ പതിച്ചില്ലെന്നും വിവരമുണ്ട്. ഒരു മിസൈൽ ആകാശത്തുവച്ചുതന്നെ പരാജയപ്പെട്ടുവെന്നും മറ്റൊന്ന് യുഎസ് യുദ്ധക്കപ്പലിൽ നിന്നുള്ള എസ് എം-3 തടഞ്ഞുവെന്നുമാണ് യുഎസ് അധികൃതർ പറയുന്നത്. ഇറാനെതിരായുള്ള ആക്രമണങ്ങൾ നടത്താൻ യുഎസിന് ബ്രിട്ടൻ അനുമതി നൽകുന്ന രണ്ട് സൈനിക താവളങ്ങളിലൊന്നാണ് ഡീഗോ ഗാർഷ്യ. മറ്റൊന്ന് ഫെയർഫോർട്ട് ആണ്. ഡീഗോ ഗാർഷ്യയിൽ അമേരിക്കൻ സൈന്യം ബോംബർ വിമാനങ്ങളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ പ്രതികാര നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ഇറാൻ. സൗത്ത് പാർസ് ആക്രമണത്തിന് മറുപടിയായി ഖത്തറിലെ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചിരുന്നു. ഇതിനിടെ ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണിത്.
Source link



