ആയുർവേദ വളർച്ചയിൽ ഔഷധിയുടെ സംഭാവന നിർണായകം: കെ.രാജൻ

തൃശൂർ: സംസ്ഥാനത്തെ ആയുർവേദ മേഖലയിലെ വളർച്ചയിൽ ഔഷധിയുടെ സംഭാവന നിർണായകമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഔഷധിയുടെ 85-ാം വാർഷികവും വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഔഷധിയുടെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകും. ഔഷധി സംസ്ഥാന സർക്കാരിന് തുടർച്ചയായി ലാഭവിഹിതം സംഭാവന ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമാണ്. ഔഷധിയിൽ സ്ഥാപിക്കുന്ന മ്യൂസിയം തൃശൂരിലെ ടൂറിസം കോറിഡോറിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഔഷധി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തുന്നതിലും സംസ്ഥാന സർക്കാരിന്റെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തി.
ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ.ഹൃദീക്, ഔഷധി ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എഫ്.ഡേവിസ്, കുര്യാക്കോസ് പ്ലാപറമ്പിൽ, ഡിവിഷൻ കൗൺസിലർ ഹരീഷ് മോഹൻ, ഫിനാൻഷ്യൽ കൺട്രോളർ പി.എം.ലതാകുമാരി തുടങ്ങിയവർ സംസാരിച്ചു. 85 വർഷമായി ആയുർവേദ മേഖലയോട് ഔഷധി പുലർത്തുന്ന പ്രതിബദ്ധതയുടെ സ്മരണയായി പുതുതായി നിർമ്മിച്ച പ്രധാന കവാടത്തിന്റെ ഉദ്ഘാടനവും നടന്നു. 11 പുതിയ ആയുർവേദ ഔഷധങ്ങൾ പുറത്തിറക്കി. 450ഓളം ഔഷധസസ്യങ്ങൾ ലഭ്യമാക്കുന്ന ഔഷധ സസ്യ നഴ്‌സറി, കണ്ണിനും ചെവിക്കും ഉപയോഗിക്കുന്ന തുള്ളിമരുന്നുകൾ നിർമ്മിക്കാനായി സ്ഥാപിച്ച അർക്ക പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. ഔഷധിയുടെ സോളാർ പ്ലാന്റിനും ഔഷധി മ്യൂസിയത്തിനും ശിലാസ്ഥാപനവും നിർവഹിച്ചു.
Source link



