test del 5 copy of del 3

ഫ്രാൻസിൽ നിന്ന് 114 റഫാൽ വിമാനങ്ങൾ; 90 എണ്ണം നിർമിക്കുന്നത് ഇന്ത്യയിൽ, താൽപര്യപത്രം തയ്യാറായി


ന്യൂഡൽഹി ∙ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള താൽപര്യപത്രം ഇന്ത്യ തയ്യാറാക്കിയതായി റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ഫ്രാൻസിനു കൈമാറുമെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ആകെ വാങ്ങുന്ന 114 വിമാനങ്ങളിൽ 90 എണ്ണം ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ഡാസോ ഏവിയേഷനും ഒരു ഇന്ത്യൻ കമ്പനിയും സംയുക്തമായി ഇന്ത്യയിൽ വച്ചായിരിക്കും നിർമിക്കുക. ബാക്കി വിമാനങ്ങൾ പറക്കാനാകുന്ന അവസ്ഥയിൽ നേരിട്ട് ഫ്രാൻസിൽ നിന്നും എത്തിക്കും. ഈ വിമാനങ്ങളുടെ നിർമാണത്തിൽ പകുതിയോളം തദ്ദേശീയ സാമഗ്രികളായിരിക്കും ഉപയോഗിക്കുക.ഫ്രാൻസിന്റെ മറുപടി ലഭിച്ച ശേഷം ഇന്ത്യ ടെൻഡർ നടപടികളിലേക്ക് കടക്കും. കേന്ദ്ര കാബിനറ്റ് പ്രതിരോധ സമിതിയുടെ അന്തിമ അനുമതി ലഭിച്ച ശേഷമായിരിക്കും കരാർ ഒപ്പിടുക. പ്രതിരോധ സംഭരണ കൗൺസിൽ പദ്ധതിക്ക് അനുമതി നൽകി മൂന്നു മാസങ്ങൾക്കു ശേഷമാണ് പുതിയ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനു മുന്നോടിയായി ജൂൺ ആദ്യവാരം വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് ഫ്രാൻസ് സന്ദർശിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ കരാർ ഒപ്പിടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


Source link

Back to top button