മുഖ്യമന്ത്രിയുടെ സ്വീകരണ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം, സ്ത്രീയെ കരുതൽ തടങ്കലിലാക്കി

കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വീകരണ പരിപാടിയുടെ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സ്ത്രീയെ കരുതൽ തടങ്കലിലാക്കി. മട്ടാഞ്ചേരി സ്വദേശി നീതാ ബ്രൈറ്റിനെയാണ് (52)കരുതൽ തടങ്കലിലാക്കിയത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തൽ കൊച്ചി പൗരാവലി സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെയാണ് സംഭവം.
. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദിയിലെത്താൻ മിനിറ്റുകൾ മാത്രം ശേഷിക്കെ രാവിലെ 11.15ഓടെയാണ് വേദിക്ക് തൊട്ടടുത്തെത്തി ബഹളം കൂട്ടിയത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണണം എന്നതായിരുന്നു ആവശ്യം. സദസിൽ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. തുടർന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന കടവന്ത്ര എസ്.ഐ കെ. ഷാഹിന, എ.എസ്.ഐ മരിയ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ഇതിന് ശേഷം 11.30ഓടെ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത സ്വീകരണ ചടങ്ങ് തുടങ്ങി.
വൈദ്യപരിശോധനയ്ക്ക് മുന്നോടിയായി കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും ബഹളമുണ്ടാക്കി. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം വൈകിട്ട് വിട്ടയച്ചു.
2025ൽ എറണാകുളം സെൻട്രൽ പൊലീസ് നീതാ ബ്രൈറ്റിനെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം സി.പി.എം സംഘടിപ്പിച്ച ഇസ്രയേൽ വിരുദ്ധ പ്രകടനത്തെ ചോദ്യം ചെയ്ത് സംഘാടകരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.
Source link
NEWS


