താത്കാലിക അദ്ധ്യാപക നിയമനങ്ങൾക്കും കെ ടെറ്റ് നിർബന്ധം, ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളിൽ താത്കാലിക അദ്ധ്യാപക നിയമനങ്ങൾക്കും കെ ടെറ്റ് നിർബന്ധമാക്കി സർക്കാർ. ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിൽ അധ്യാപക യോഗ്യത പരീക്ഷയായ കെടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
താത്കാലിക നിയമനങ്ങളിൽ സംവരണ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശിക്കുന്നു. താത്കാലിക നിയമനങ്ങളിൽ 1:1 എന്ന അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടികവിഭാഗങ്ങൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ക്രമമനുസരിച്ച് നൽകണം. സംവരണ ഒഴിവിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ മാത്രമേ പൊതുവിഭാഗത്തിൽ നിന്ന് നിയമനം നടത്താൻ അനുവാദമുള്ളൂ. പൂർണ യോഗ്യതയുള്ളവരെ മാത്രമേ താത്കാലിക അദ്ധ്യാപകരായി നിയമിക്കാവൂ. താത്കാലിക നിയമനങ്ങൾക്കായുള്ള അഭിമുഖ പാനലിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷന്റെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധിയുടെയോ സാന്നിദ്ധ്യം ഇനി മുതൽ നിർബന്ധമായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Source link
NEWS


