test del 2
ഇറാനും യുഎസും കരാറിലേക്ക്; 30 ദിവസത്തിനകം ഹോർമുസിലൂടെയുള്ള ഗതാഗതം പഴയപോലെയാകും, ഉപരോധം നീക്കും

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാറിലേക്കെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന്റെ മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ‘തസ്‌നിം’ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട്‌ചെയ്തത്. ഇറാനും അമേരിക്കയും തമ്മിൽ കരാർ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്നതായാണ് റിപ്പോർട്ടിലുള്ളത്.ഈ കരാറനുസരിച്ച് 30 ദിവസത്തിനുള്ളിൽ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണനിലയിലെത്തും. മാത്രമല്ല, ഇക്കാലയളവിനുള്ളിൽ അമേരിക്കയുടെ നാവിക ഉപരോധവും പൂർണമായും ഒഴിവാക്കും. ഇറാന്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുഭാഗം വിട്ടുകൊടുക്കാനും കരാറിൽ നിർദേശമുണ്ടെന്നും തസ്‌നീം ന്യൂസ് ഏജൻസി റിപ്പോർട്ട്‌ചെയ്തു.ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ നല്ലവാർത്തകൾക്കുള്ള സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇക്കാര്യം പറഞ്ഞത്. ചർച്ചകളിൽ ചില പുരോഗതികളുണ്ടായിട്ടുണ്ടെന്നും എന്നാൽ അന്തിമമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മാർക്കോ റൂബിയോയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലേക്കെത്തുന്നതായുള്ള സൂചനകളും പുറത്തുവരുന്നത്.ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയാണ് പശ്ചിമേഷ്യ സംഘർഷഭരിതമായത്. അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിച്ചതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരുന്നു. ലോകത്തെ ഊർജവിതരണത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇതുവഴിയുള്ള കപ്പൽ ഗതാഗതം മുടങ്ങിയതോടെ ആഗോളതലത്തിൽ എണ്ണപ്രതിസന്ധിയും രൂക്ഷമായിരുന്നു.
Source link


