test del 1

വായുവിൽ നിന്ന് പെട്രോളും ഡീസലും; ഇന്ധനമേഖലയിൽ വൻ വിപ്ലവത്തിന് കളമൊരുങ്ങുന്നു

​​​​​സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ഒരാശയം ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വായുവിൽ നിന്ന് പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവ നിർമ്മിക്കുന്നതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ജപ്പാൻ. ഭാവിയിലെ ‘എയർ ഫ്യുവൽ’ എന്ന പേരിലാണ് ഈ നവീന ഇന്ധന സാങ്കേതികവിദ്യ ശ്രദ്ധ നേടുന്നത്. പരിസ്ഥിതി മലിനീകരണവും എണ്ണവിലയിലെ കുതിച്ചുചാട്ടവും ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ ‘എയർ ഫ്യുവൽ’ എന്നറിയപ്പെടുന്ന ഈ പുതിയ സാങ്കേതികവിദ്യ ഭാവിയിലെ ഊ‌ർജ വിപ്ലവത്തിന് തുടക്കമിടുകയാണെന്ന് വിദഗ്‌ദ്ധർ വിലയിരുത്തുന്നു.

ജപ്പാനിലെ പ്രമുഖ റിഫൈനറി കമ്പനിയായ എനിയോസ് (ഇഎൻഇഒഎസ്) ആണ് ഈ സാങ്കേതികവിദ്യയുടെ പ്രായോഗികമാതൃക അവതരിപ്പിച്ചിരിക്കുന്നത്. വായുവിൽ നിന്ന് കാർബൺഡൈ ഓക്‌സൈഡും വെള്ളത്തിൽ നിന്ന് ഓക്‌സിജനും വേ‌ർതിരിച്ചെടുത്ത ശേഷം അതിനെ ഇന്ധനമാക്കി മാറ്റുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. ഇതിലൂടെ പരമ്പരാഗത ക്രൂഡ് ഓയിൽ ആശ്രയത്വം കുറയ്‌ക്കാനാകുമെന്നാണ് കരുതുന്നത്.

വായുവിൽ നിന്ന് കാർബൺഡൈ ഓക്‌സൈഡ് ശേഖരിക്കുന്നതാണ് ഈ സാങ്കേതികവിദ്യയുടെ ആദ്യ ഘട്ടം. ഡയറക്‌ട് എയർ കാപ്‌ച്ചർ (ഡിഎസി) എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടെയാണ് അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈ ഓക്‌സൈഡ് വേർതിരിച്ചെടുക്കുന്നത്.

സൗരോർജവും കാറ്റാടിയന്ത്രവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്‌ട്രോലൈസറുകളുടെ സഹായത്തോടെ വെള്ളം ഹൈഡ്രജനും ഓക്‌സിജനുമായി വിഭജിക്കുന്നതാണ് രണ്ടാം ഘട്ടം. പൂർണമായും ഹരിതോർജം ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. ഇതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്‌ക്കാനും സാധിക്കുന്നു.

വിവിധഘട്ടങ്ങളിലൂടെ ശേഖരിച്ച കാർബൺ ഡൈ ഓക്‌സൈഡും ഹൈഡ്രജനും ഫിഷർ–ട്രോപ്ഷ് എന്ന രാസപ്രക്രിയയിലൂടെ സംയോജിപ്പിക്കുന്നതാണ് മൂന്നാം ഘട്ടം. ഇതിന്റെ ഫലമായി സിന്തറ്റിക് ഹൈഡ്രോകാർബൺ ഇന്ധനം രൂപപ്പെടുന്നു. ഇത് സാധാരണ പെട്രോൾ, ഡീസൽ, ജെറ്റ് ഫ്യുവൽ എന്നിവ പോലെതന്നെ വാഹനങ്ങളിലും യന്ത്രങ്ങളിലും ഉപയോഗിക്കാനാകും. റിപ്പോർട്ടുകൾ പ്രകാരം ദിവസവും ഏകദേശം 159 ലിറ്റ‌ർ അഥവാ ഒരു ബാരൽ ഇന്ധനം നിർമ്മിക്കുന്നുണ്ട്. ഇതിനകംതന്നെ ടൊയോട്ട, ഹിനോ മോട്ടോർസ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളിൽ ഈ ഇന്ധനം പരീക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ കണ്ടുപിടുത്തം ലോകത്തിനാകെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയവയ്‌ക്ക് ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വഴി തുറന്നിടുകയാണ് ഈ കണ്ടുപിടുത്തം.


വിദേശനാണയത്തിന്റെ ചെലവ് കുറയ്‌ക്കൽ, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കൽ, പരിസൗഹൃദ ഗതാഗതത്തിന് വഴിയൊരുക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനായി വേണ്ടിവരുന്ന ചെലവ് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങൾക്ക് വലിയ അളവിൽ വൈദ്യുതി ആവശ്യമായി വരുന്നു. അതിനാൽ വാണിജ്യാടിസ്ഥാനത്തിൽ ഇത് വ്യാപകമാക്കാൻ കൂടുതൽ ഗവേഷണവും നിക്ഷേപവും ആവശ്യമായി വരുന്നു. എന്നിരുന്നാലും പെട്രോൾ പമ്പുകളിൽ എയർ ഫ്യുവൽ ലഭ്യമാകുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തൽ. വായുവിൽനിന്ന് ഇന്ധനം എന്ന ആശയം ഒരു കാലത്ത് അസാദ്ധ്യമായി തോന്നിയിരുന്നെങ്കിലും ജപ്പാന്റെ ഈ മുന്നേറ്റം യാഥാ‌ർത്ഥ്യമാക്കുകയാണ്.


Source link

Back to top button